മോഹൻലാലിനെ വച്ച് നിരവധി സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് കമൽ. മോഹൻലാൽ, ശ്രീനിവാസൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമൽ ചിത്രമാണ് 'അയാൾ കഥയെഴുതുകയാണ്'. സിദ്ദിഖ്, ഇന്നസെന്റ്, നന്ദിനി അടക്കമുള്ള നിരവധി താരങ്ങളും ഈ സിനിമയിലുണ്ട്.
ശ്രീനിവാസൻ ആണ് സിനിമയുടെ തിരക്കഥ എഴുതിയത്. ചിത്രത്തിൽ നോവലിസ്റ്റായ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ.
'നമ്മളെല്ലാവരും പറയുന്നൊരു കാര്യമുണ്ട്. മോഹൻലാൽ എന്നുപറയുന്നത് ഡയറക്ടർ ആക്ടറാണ്. ഏത് സംവിധായകന്റെ രീതിക്കനുസരിച്ചും മോഹൻലാൽ മാറും. മോഹൻലാലിനെപ്പറ്റി തമാശയ്ക്ക് പറയുന്നൊരു കാര്യമുണ്ട്. വെള്ളം പോലെയാണ് മോഹൻലാൽ, വെള്ളം ഏത് പാത്രത്തിലൊഴിക്കുന്നോ ആ പാത്രത്തിന്റെ ഷെയ്പ്പ് ആകുമല്ലോ. അതുപോലെ മോഹൻലാൽ ഡയറക്ടർക്കനുസരിച്ച് മാറും. അതൊരു ക്വാളിറ്റിയാണ്.
പിന്നെ ചിത്രത്തിൽ പല സീനുകളിലും ആ പെൺകുട്ടിയോടുള്ള ലാലിന്റെ അലർച്ചയും, ഞാൻ അവളെ ബലാത്സംഗം ചെയ്യാൻ പോകുന്നുവെന്ന് പറയുന്നതൊക്കെ ഇന്ന് പറയുമ്പോൾ ചിലപ്പോൾ പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് തോന്നാവുന്ന ഡയലോഗാണ്. പക്ഷേ ആ സിനിമ ഇന്ന് കാണുമ്പോൾ ഇവിടത്തെ സ്ത്രീപക്ഷക്കാർക്ക് പോലും സ്ത്രീവിരുദ്ധമാണെന്ന് തോന്നാത്തരീതിയിലാണ് ലാൽ അത് അവതരിപ്പിച്ചതും, ശ്രീനി എഴുതിയതും. പക്ഷേ പറയുന്നത് സ്ത്രീ വിരുദ്ധമായ ഡയലോഗാണ്. സാഗർ കോട്ടപ്പുറം എന്നത് അസ്സൽ സ്ത്രീവിരുദ്ധനായിട്ടുള്ള കഥാപാത്രമാണ്.
പക്ഷേ ഒരു സ്ഥലത്തും അത് മുഴച്ചുനിൽക്കാത്ത രീതിയിൽ കഥാപാത്രത്തെ കൊണ്ടുപോയി. ലാലിന്റെ കഥാപാത്രത്തിന് വലിയൊരു ട്രാൻസ്ഫർമേഷൻ ഉണ്ടാകുന്നുണ്ട്. അയാളുടെ ഭൂതകാലമെന്ന് പറയുന്നത് വളരെ സ്‌നേഹ സമ്പന്നനായിട്ടുള്ള, പ്രണയം മനസിൽ സൂക്ഷിക്കുന്ന കഥാപാത്രമാണ്.'- കമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |