സ്വർണത്തിന് പകരം വയ്ക്കാൻ ഇതുവരെ മറ്റൊരു ലോഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. പ്രകൃതിദത്തമായ ഒരു അപൂർവ ലോഹമായതിനാൽ തന്നെ സ്വർണം കൃത്രിമമായി ഉണ്ടാക്കാനും കഴിയില്ല. സ്വർണ ലഭ്യത വളരെ കുറവാണ്. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടുപ്രകാരം കഷ്ടിച്ച് ഇരുപതുവർഷത്തേക്കുള്ള സ്വർണം മാത്രമേ ലോകത്തിലെ ഖനികളിൽ ഉള്ളൂ. വളരെ ആഴത്തിൽ നിന്ന് സ്വർണം കുഴിച്ചെടുക്കാൻ ചെലവ് വളരെ കൂടുതലാണെന്നും ആദായകരമല്ലെന്നുമുള്ള കാരണം പറഞ്ഞ് പല ഖനികളും അടച്ചുപൂട്ടിക്കഴിഞ്ഞു. പുതിയ ഖനികൾ കണ്ടെത്തിയില്ലെങ്കിൽ ഭൂമിയിൽ നിന്നുള്ള സ്വർണ ഖനനം സമീപഭാവിയിൽ തന്നെ അവസാനിക്കും. മറുവശത്ത് എത്ര ഖനനം ചെയ്താലും മതിവരാത്ത തരത്തിൽ സ്വർണത്തോടുള്ള പ്രിയം കൂടിക്കൂടിവരികയും ചെയ്യുന്നു.
അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ, പ്രശ്നം മറികടക്കാൻ എന്താണ് വഴിയെന്ന ചിന്തയിലായി ശാസ്ത്രലോകം. ഈ ചിന്തയിൽ നിന്നാണ് സ്വർണത്തിന്റെ റീ സൈക്ലിംഗ് (പുനഃരുപയോഗം) എന്ന ആശയം ഉരുത്തിരിഞ്ഞത്. ലോകത്തെ പല വമ്പൻ രാജ്യങ്ങളും ഈ വഴി ഉപയോഗിക്കുന്നുണ്ട്. വൻ വിലകൊടുത്ത് ഇറക്കുമതി ചെയ്യേണ്ടിവരുന്നതിലെ ചെലവുകുറച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാം എന്നതിനാെപ്പം ഇലക്ട്രോണിക് വേസ്റ്റ് എന്ന വലിയൊരു പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനും ഇതിലൂടെ കഴിയുമത്രേ.
സംഗതി വെറും സിംപിൾ
മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ വാച്ചുകൾ, ദന്തൽ ക്യാപ്പുകൾ, പഴയ സ്വർണാഭരണങ്ങൾ എന്നിവയിൽ നിന്നാണ് പ്രധാനമായും സ്വർണം റീ സൈക്ലിംഗ് ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സർക്യൂട്ട് ബാേർഡുകളിലടക്കം ചെറിയ അളവിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്. ഇതിനെ വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. പഴയ സ്വർണാഭരങ്ങളിൽ നിന്നും ദന്തൽ ക്യാപ്പുകളിൽ എന്നിവയിൽ നിന്നുള്ള സ്വർണം റീ സൈക്ളിംഗ് ചെയ്യുന്നതിനെക്കാൾ പണിയേറിയതാണ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് സ്വർണം പുറത്തെടുക്കൽ.
സ്വർണം അടങ്ങിയ ഭാഗങ്ങൾ ശ്രദ്ധാപൂർവം വേർതിരിച്ചെടുക്കകയാണ് ആദ്യം വേണ്ടത്. ഇതിൽ നിന്ന് ആസിഡുകളുടെയും മറ്റും സഹായത്തോടെ സ്വർണം ഖരരൂപത്തിലാക്കി ആഭരണനിർമാണത്തിനടക്കം ഉപയോഗിക്കാം.ഐ ഫോണുകൾ ഉൾപ്പടെയുള്ള നാൽപ്പതോളം പഴയ ഫോണുകളിൽ നിന്ന് ഒരു ടൺ സ്വർണ അയിരിൽ നിന്ന് ലഭിക്കുന്ന ഒറിജിനൽ സ്വർണത്തിനൊപ്പം സ്വർണം ലഭിക്കുമത്രേ. അയിരിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നതിനെക്കാൾ ചെലവും കുറവായിരിക്കും. ഇങ്ങനെ ചെയ്യാൻ താത്പര്യമുള്ളവർക്ക് സാങ്കേതിക സഹായം നൽകാനും ചിലർ തയ്യാറാണത്രേ.
പൊടിയെയും വെറുതേ വിടില്ല
ആഭരണ നിർമാണ ശാലകളിലെയും ജുവലറികളിലെയും മറ്റും തറയിലെ പാെടി ശേഖരിക്കുന്ന ചിലരുണ്ട്. വെറുതേ അല്ല ഇതെന്ന് അറിയാമോ? പൊടിയിൽ അടങ്ങിയിരിക്കുന്ന സ്വർണത്തെ വേർതിരിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നത്. ആഭരണങ്ങളിൽ നിന്ന് കല്ലുകളും മറ്റും നീക്കംചെയ്യുമ്പോഴും ആഭരണങ്ങൾ മിനുസപ്പെടുത്തുമ്പോഴുമൊക്കെ സ്വർണം പൊടിഞ്ഞ് താഴേക്ക് വീഴാൻ ഇടയുണ്ട്. ഇവയെയാണ് വേർതിരിച്ചെടുക്കുന്നത്. പക്ഷേ, ശ്രമകരമായ പണിയാണിതെന്നതാണ് സത്യം.
നദികളിൽ നിന്ന് മണൽ അരിച്ച് സ്വർണം വേർതിരിച്ചെടുക്കുന്ന ജോലിയും ചിലർ ചെയ്യുന്നുണ്ട്. പക്ഷേ, അധ്വാനം കൂടുതലാണെങ്കിലും കാര്യമായ പ്രയോജനം ഇതിൽ നിന്ന് ലഭിക്കാറില്ല. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഈ ജോലിചെയ്യുന്നവർ നിരവധിയുണ്ട്.
പരിസ്ഥിതിയും രക്ഷപ്പെടുമോ?
വികസിത രാജ്യങ്ങളിൽ നിന്ന് ഇലക്ട്രോണിക് വേസ്റ്റുകൾ ആഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നത് ആഫ്രിക്ക ഉൾപ്പടെയുള്ള രാജ്യക്കാർ തന്നെയാണ്. സ്വർണം വേർതിരിച്ചെടുക്കുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും പല വികസിത രാജ്യങ്ങളും ഇതിന് മുതിരാറില്ല. സ്വർണം കിട്ടുമെങ്കിലും അവശേഷിക്കുന്ന ഘടകങ്ങൾ പരിസ്ഥിതിക്ക് ഉൾപ്പടെ പ്രശ്നമുണ്ടാക്കും എന്നതിനാലാണത്രേ ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |