പല്ലെക്കെലെ: ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ടീമില്‍. ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും സന്തോഷകരമായ കാര്യം താരം തന്റെ സ്ഥിരം ബാറ്റിംഗ് പൊസിഷനായ ടോപ്പ് ഓര്‍ഡറിലാണ് കളിക്കുകയെന്നതാണ്. ടീം ഷീറ്റില്‍ ഓപ്പണറുടെ സ്ഥാനത്താണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ മലയാളി താരത്തെ ടീമിലെടുത്തിരുന്നില്ല.
അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ച്വരി നേടിയിട്ടും താരത്തെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം ശക്തമാണ്. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടും ഒരു മത്സരത്തില്‍പ്പോലും കളിപ്പിച്ചിരുന്നില്ല. ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ താരത്തെ ബെഞ്ചില്‍ ഇരുത്തിയതോടെ വിമര്‍ശനം വീണ്ടും ശക്തമായി. ഏകദിന ടീമില്‍ എടുക്കുന്നില്ല, ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ട് അവസരം നല്‍കുന്നില്ല എന്നതായിരുന്നു പ്രധാനപ്പെട്ട വിമര്‍ശനം.
സിംബാബ്‌വെക്കെതിരെയാണ് താരം അവസാനമായി കളിച്ചത്. ഈ മത്സരത്തില്‍ താരം ഹാഫ് സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഇന്നത്തെ മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ടീമിലെ സ്ഥിരം സാന്നിദ്ധ്യത്തിനുള്ള അവകാശവാദം ശക്തമാക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഗില്ലിന് പകരം സഞ്ജു ടീമിലെത്തിയത് മാത്രമാണ് ഏക മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |