അങ്കോല : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ലെന്ന് കാർവാർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചിൽ തുടരാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി.അർജുനായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
തെരച്ചിൽ നിറുത്തരുതെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിറുത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |