നെടുമ്പാശേരി: അത്താണിയിലെ നക്ഷത്ര ഹോട്ടലിൽ ഡി.ജെ പാർട്ടിക്കെത്തിയ യുവതി ഉൾപ്പെടുന്ന നാലംഗ സംഘത്തിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി ഹയാസ്, കലൂർ സ്വദേശി ജിനദേവ്, ഇടപ്പള്ളി അരുൺ, കാക്കനാട് ഫ്ലാറ്റിൽ താമസിക്കുന്ന കൊല്ലം സ്വദേശിനി സൂസി എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ക്വാഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലിൽ പരിശോധന. ഇന്നലെ രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെ അത്താണി എയർ ലിങ്ക് കാസ്റ്റൽ ഹോട്ടലിലാണ് പാർട്ടി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്തിരുന്ന 50 ഓളം പേരാണ് പാർട്ടിക്കെത്തിയത്.
ആലുവ തോട്ടക്കാട്ടുകര സ്വദേശി മനു എന്നയാളാണ് ഹോട്ടൽ ബുക്കിരുന്നത്. ഡി. ജെ പാർട്ടിക്കായിട്ടാണെന്ന് അറിയിക്കാതെയാണ് ഇയാൾ ബുക്ക് ചെയ്തിരുന്നതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |