തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ ബസ് സർവീസുകളിൽ ഗുണകരമായ മാറ്റം വരുത്തുന്നത് ലക്ഷ്യമിട്ട് ഗതാഗതവകുപ്പ് ആരംഭിച്ച ജനകീയ സദസുകളിൽ കെ.എസ്.ആർ.ടി.സി പുറത്ത്. അതാത് എം.എൽ.എ മാരുടെ
നേതൃത്വത്തിലാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ജനകീയ സദസുകൾ . ബസില്ലാത്ത റൂട്ടുകൾ, ബസ് കൂടുതൽ വേണ്ടവ, സമയക്രമത്തിൽ വരുത്തേണ്ട മാറ്റം തുടങ്ങിയവയാണ് സദസ് ചർച്ച ചെയ്യുക.
ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം ആരംഭിച്ച സദസുകൾ സംഘടിപ്പിക്കേണ്ട ചുമതല മോട്ടോർ വാഹനവകുപ്പിനാണ്. പ്രദേശത്തെ സ്വകാര്യബസ് ഉടമകളുടെ പ്രതിനിധികളെ ഉൾപ്പെടെ ക്ഷണിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കുന്നത്.അതാത് മണ്ഡലത്തിലെ മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, തഹസിൽദാർ ,പൊതുമാരാമത്ത്, നാഷണൽ ഹൈവേ പ്രതിനിധികൾ,റെസിഡൻസ് അസോസിയേഷനുകൾ, ബസ് ഉടമകൾർ, മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കയതിന് ബന്ധപ്പെട്ടവർക്ക്
മറുപടിയില്ല.എന്നാൽ,ജനകീയ സദസിന്റെ തീരുമാനം കെ.എസ്.ആർ.ടി.സിക്കും ബാധകമാക്കേണ്ടി വരും.
പുതിയ സ്വകാര്യ
ബസ് പെർമിറ്റുകൾ
ജനകീയ സദസുകൾക്ക് മുമ്പു തന്നെ പുതിയ റൂട്ടുകൾ നിർദേശിക്കാൻ അവസരമുണ്ട്. ഇതനുസരിച്ച് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിക്ക് വേണ്ടത്ര ബസുകളില്ലാത്തതിനാലാണിതെന്നാണ് വിശദീകരണം. നിയമപോരാട്ടത്തിലൂടെ കെ.എസ്.ആർ.ടി.സിക്ക് കൈവന്ന 241 ദേശസാൽകൃത റൂട്ടുകൾ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഗൂഢനീക്കം തുടങ്ങി.
''കെ.എസ്.ആർ.ടി.സി ഇല്ലാതെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നത് എങ്ങനെ? .അവരെ കൂടി ഉൾക്കൊള്ളിച്ച് ജനകീയ സദസുകർ അർത്ഥവത്താക്കണം''
- എം.ജി.രാഹുൽ,
ജനറൽ സെക്രട്ടറി.
കെ.എസ്.ടി.ഇ..യു
ആർ.സി വിതരണം
വീണ്ടുംനിലച്ചു
#ഡ്രൈവിംഗ് ലൈസസ് അച്ചടിയും മുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വാഹനങ്ങളുടെ ആർ.സി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) വിതരണം വീണ്ടും നിലച്ചു. ഡ്രൈവിംഗ് ലൈസൻസ് വിതരണം ഏതു നിമിഷവും നിലയ്ക്കും. ഇതും രണ്ടും അച്ചടിച്ചു വിതരണം ചെയ്യുന്ന ഐ.ടി.ഐ. ലിമിറ്റഡിന് കുടിശ്ശികയായ 10 കോടിയോളം നൽകാത്തതാണ് കാരണം.
തുക ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കത്തയച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും ധനവകുപ്പ് അനങ്ങിയിട്ടില്ല.
ആർ.സി. തയ്യാറാക്കാനുള്ള കാർഡ് എത്തിക്കുന്നത് 25 മുതൽ കമ്പനി അവസാനിപ്പിച്ചു. രണ്ടു ദിവസമായി ആർ.സി. അച്ചടി നിറുത്തിയിട്ട്. . 85,000 ലൈസൻസും രണ്ടുലക്ഷം ആർ.സി.യുമാണ് ഇനി അച്ചടിക്കാനുള്ളത്. ധന,ഗതാഗത വകുപ്പ് തർക്കത്തിൽ കഴിഞ്ഞ നവംബറിൽ ആർ.സി., ലൈസൻസ് വിതരണം മുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട ശേഷം കുടിശ്ശിക തീർക്കാൻ 8.68 കോടി ധനവകുപ്പ് നൽകി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ബില്ല് മേയിലും ഏപ്രിലിലെ ബില്ല് ജൂണിലുമാണ് നൽകിയത്. പിന്നീടൊന്നും നൽകിയില്ല. ലൈസൻസ്, ആർ.സി അച്ചടി കരാർ നേടിയെടുക്കാൻ ചില സ്വകാര്യ കമ്പനികൾ ചരടു വലിക്കുന്നുണ്ട്. അച്ചടി മുടക്കി,കരാർ സ്വകാര്യന്മാരിലേക്ക് എത്തിക്കാനാണ് ശ്രമം..
അച്ചടിക്കൂലി ₹60
ഈടാക്കന്നത് ₹200
ഗില്ലോച്ചെ പ്രിന്റിംഗ് ഉൾപ്പെടെ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള കാർഡൊന്നിന് 60 രൂപയും നികുതിയുമാണ് അച്ചടിക്കൂലി. ഒരു കാർഡിന് 200 രൂപ അപേക്ഷകരിൽ നിന്നും മോട്ടോർവാഹനവകുപ്പ് ഈടാക്കും. ഈ തുക ട്രഷറിയിലേക്കു പോവും. മോട്ടോർവാഹനവകുപ്പ് തിരികെ വാങ്ങണം. ഈ ഫയലിലാണ് കാലതാമസം.
മന്ത്രിയുടെ ചിത്രം മോർഫ്
ചെയ്തു; വിവരംതേടി പൊലീസ്
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്ത് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അതിനാൽ ഈ പേജ് ഇപ്പോൾ ആരാണ് ഉപയോഗിച്ചതെന്നും എവിടെ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നതുമുൾപ്പെടെയുള്ള വിവരങ്ങളാണ് ഫേസ്ബുക്കിനോട് തേടിയത്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |