തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ മികവിനുള്ള അംഗീകാരമായി കേരളകൗമുദി തൃശൂർ യൂണിറ്റ് ഏർപ്പെടുത്തിയ പ്രഥമ ജനരത്‌ന പുരസ്‌കാരങ്ങൾ ജോയ്‌സ് പാലസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്ത് വിഭാഗത്തിൽ പുത്തൂരിനാണ് പ്രഥമ സ്ഥാനം.
നവീനമാതൃകകൾ കാട്ടിയ അന്നമനട പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. കൃഷിയിറക്കി തരിശു ഭൂമിയെ ഹരിതാഭമാക്കിയ വടക്കേക്കാട് പഞ്ചായത്ത് മൂന്നാം സ്ഥാനത്തെത്തി. നഗരസഭകളിൽ ഗുരുവായൂരിനാണ് പുരസ്‌കാരം. വാർഷിക പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമതെത്തിയ തളിക്കുളം, ബ്‌ളോക്ക് പഞ്ചായത്ത് വിഭാഗത്തിൽ പുരസ്‌കാരം നേടി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്‌കാരങ്ങളും കേരളകൗമുദി ഏജന്റുമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു.
റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ പുരസ്‌കാര സമർപ്പണവും, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു 'ഗ്രോയിംഗ് തൃശൂർ' കോൺക്ളേവും ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. കേരളകൗമുദി ജനറൽ മാനേജർമാരായ എ.ജി. അയ്യപ്പദാസ് (ഡെബ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്), ഷിറാസ് ജലാൽ (എസ്.എം.ഡി) എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി തൃശൂർ-കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും മാനേജർ (എസ്.എം.ഡി) പി.ബി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. കോൺക്ളേവിൽ വിദ്യാഭ്യാസ കരിയർ കൺസൾട്ടന്റ് ഡോ.ടി.പി.സേതുമാധവൻ മോഡറേറ്ററായി. കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ്കുമാർ, ഐ.എം.എ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.പവൻ മധുസൂദനൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഉപദേശക സമിതിയംഗം ജി.കെ.പ്രകാശ്, വ്യാപാരി വ്യവസായി സമിതി ജില്ലാപ്രസിഡന്റ് വിജയ്‌ഹരി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഉണ്ണിക്കൃഷ്ണൻ (പുത്തൂർ), പി.വി.വിനോദ് (അന്നമനട), എൻ.എം.കെ.നബീൽ (വടക്കേക്കാട്), ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് എന്നിവർ മന്ത്രി രാജനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |