അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും വമ്പൻ സാമ്പത്തിക, സൈനിക ശക്തിയായ രാജ്യത്ത് എന്നും ചർച്ചയായിട്ടുള്ള ഒരു പ്രദേശമാണ് ഏരിയ 51. തെക്കൻ നെവാഡയിലെ ഗ്രൂം തടാകത്തോട് ചേർന്നുള്ള മരുപ്രദേശമായ ഇവിടം സൈനിക ആവശ്യങ്ങൾക്കുള്ള ഒരു അതീവസുരക്ഷാ പ്രദേശമാണ്. ഈ അമേരിക്കൻ എയർഫോഴ്‌സ് ബേസിലാണ് അന്യഗ്രഹ ജീവികളുടെ പറക്കും തളികകൾ (യുഎഫ്ഒ) കണ്ടതായി പലപ്പോഴും ചർച്ചയുണ്ടായിട്ടുള്ളത്. അമേരിക്കൻ ഗവൺമെന്റ് ഇപ്പോഴും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് ഏരിയ-51 എന്നതിനാൽ ഈ സ്ഥലവുമായി ബന്ധപ്പെട്ട കഥകൾ ഇനിയും ധാരാളം പുറത്തുവരാം.
ഏരിയ-51ന്റെ സ്ഥാനം
ലാസ് വേഗാസിൽ നിന്ന് 200 കിലോമീറ്റർ വടക്കുപടിഞ്ഞാറാണ് ഏരിയ-51 നിലകൊള്ളുന്നത്. റേച്ചൽ, ഹികോ എന്നീ ചെറുപട്ടണങ്ങൾക്ക് സമീപം. നെവാഡ എക്‌സ്ട്രാ ടെറസ്‌ട്രിയൽ ഹൈവേയിൽ 29-30 മാർക്കുകളുടെ ഇടയിലാണ് ഏരിയ-51. ആറ്റോമിക് എനർജി കമ്മിഷൻ നൽകിയ ഭൂപടത്തിൽ നിന്നാണ് ആ പേര് പ്രദേശത്തിനുവന്നത്. 1955ൽ നെവാഡ ടെസ്‌റ്റ് ആന്റ് ട്രെയിനിംഗ് റേഞ്ച് കോംപ്ളക്‌സിന്റെ ഭാഗമായി എയറോ സ്പേസ് കമ്പനിയായ ലോക്‌ഹീഡ് 'പാരഡൈസ് റാഞ്ച്' എന്ന പേര് നൽകി.
മറ്റുപേരുകൾ
ഇതുകൂടാതെ വാട്ടർടൗൺ, ഡ്രീംലാൻഡ് റിസോർട്,ദി ബോക്‌സ് ആന്റ് ദി റാഞ്ച് ഇങ്ങനെ പല പേരുകളും ഈ പ്രദേശത്തിന് ഉണ്ട്. നെവാഡ ടെസ്‌റ്റ് ആന്റ് ട്രെയിനിംഗ് റേഞ്ച് കോംപ്ളക്‌സിനൊപ്പം നെവാഡ നാഷണൽ സെക്യൂരിറ്റി സൈറ്റിലും ഈ പ്രദേശമുണ്ട്. സൈനിക പരിശീലനം, പരീക്ഷണങ്ങൾ,യുദ്ധപരിശീലനം, പൈലറ്റ് ട്രെയിനിംഗ് എന്നിവയ്‌ക്കായി തയ്യാറാക്കിയ വലിയൊരു പ്രദേശമാണിത്. ഗ്രൂം ലേക്ക്, ഹോമി എയർപോർട്ട് എന്നിങ്ങനെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ പറയുന്നത്. മുൻപ് ഈ ഭാഗത്തിന്റെ ഭൂപടം ലഭ്യമായിരുന്നില്ല. എന്നാൽ 2018 മുതൽ ഇത് ഗൂഗിൾ മാപ്പിലുണ്ട്.
അതീവ രഹസ്യ കേന്ദ്രം
എയർബേസ് പ്രവർത്തിക്കുന്നതിന് സമീപമുള്ള 36000 ഹെക്‌ടർ പ്രദേശത്ത് ആർക്കും പ്രവേശനമില്ല.അമേരിക്കയുടെ രഹസ്യ വിമാനങ്ങളുടെ പരീക്ഷണങ്ങളും മറ്റും ഇവിടെ നടക്കാറുണ്ട് എന്നതിനാലാണ് ഇത്. അതിക്രമിച്ച് കടക്കാതിരിക്കാൻ മുന്നറിയിപ്പ് ബോർഡുകളും ആയുധമേന്തിയ കാവൽക്കാരും മോഷൻ സെൻസറുകളുമുള്ള ഇവിടങ്ങളിൽ സുരക്ഷാ ക്യാമറകളും ധാരാളമുണ്ട്. ഇവിടെ അതിക്രമിച്ചുകടന്നാൽ പിഴയൊടുക്കേണ്ടി വരും. മാത്രമല്ല ചിത്രങ്ങളെടുക്കാനും വിലക്കുണ്ട്.
അമേരിക്കയുടെ പ്രശസ്‌ത ചാരവിമാനം യു-2, മറ്റൊന്ന് എ-12, എസ്ആർ-71 ബ്ളാക്‌ബേർഡ്, എഫ്-117 നൈറ്റ്‌ഹക് യുദ്ധവിമാനങ്ങൾ ഇവയുടെയെല്ലാം പരീക്ഷണ കേന്ദ്രങ്ങളായിരുന്നു ഈ സ്ഥലം.മുൻപെങ്ങും കാണാത്ത ഇത്തരം വിമാനങ്ങളുടെ പരീക്ഷണം നടന്നതിനാലാകാം ഈ പ്രദേശം അന്യഗ്രഹ ജീവികളുടെ വാഹനങ്ങൾ കണ്ടു എന്ന് പലരും പറഞ്ഞ് പ്രചരിപ്പിക്കാൻ ഇടയായത്.
വിചിത്രമായ വെളിച്ചങ്ങളും പറക്കുന്ന വാഹനങ്ങളും പലപ്പോഴും ഈ പ്രദേശത്ത് കാണാറുണ്ട്. ഇവയ്‌ക്ക് എന്നാൽ ചിലപ്പോഴെങ്കിലും കഥകളിലെ യുഎഫ്‌ഒകളുടെ ആകൃതിയുണ്ട്. അതിനാൽ തന്നെ ഈ പ്രദേശത്തെക്കുറിച്ച് അന്യഗ്രഹ ജീവികളെ പരാമർശിച്ച് പല കഥകളും ഉണ്ടായിട്ടുണ്ട്. എന്നാൽ സർക്കാർ ഔദ്യോഗികമായി ഈ പ്രദേശത്തെക്കുറിച്ച് യാതൊന്നും വ്യക്തമാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
റോബർട് ലാസർ എന്നയാൾ ഏരിയ-51ൽ അന്യഗ്രഹ പേടകങ്ങൾ ഉണ്ടെന്നും സൈന്യത്തിനായി സമാനമായ സാങ്കേതിക വിദ്യ പുനർനിർമ്മിക്കുന്ന ജോലി താനവിടെ ചെയ്‌തു എന്നും പറയുന്നു. ഇതിനും പുറമേ അന്യഗ്രഹജീവികളുടെ പോസ്‌റ്റുമോർട്ടം നടപടിയുടെ ചിത്രങ്ങൾ താൻ കണ്ടെന്നും ലാസർ പറഞ്ഞു. എന്നാൽ മസാച്യുസെറ്റ്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും കാലിഫോർണിയ ഇൻസ്‌റ്റിറ്റ്യൂട്ടിലും താൻ പഠിച്ചു എന്നെല്ലാം ലാസർ പറഞ്ഞതടക്കം സകലകാര്യങ്ങളും നുണയാണെന്ന് വൈകാതെ കണ്ടെത്തി.
1969ൽ അപ്പോളോ 11ൽ അമേരിക്കയുടെ നീൽ ആംസ്‌ട്രോംഗും സംഘവും ചന്ദ്രനിലിറങ്ങിയത് ചരിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത് അന്നത്തെ സോവിയറ്റ് യൂണിയനെ തോൽപ്പിക്കാൻ ആണെന്നും ഈ ചാന്ദ്രനാടകം ഏരിയ-51ലാണ് ഷൂട്ട് ചെയ്‌തതെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ഇതിനും വാദം മാത്രമാണുള്ളത്. തെളിവൊന്നും ഇത്തരം സിദ്ധാന്തം പറയുന്നവർ ഹാജരാക്കിയിട്ടില്ല.
ന്യൂമെക്‌സിക്കോയിലെ ഒരു ടൗണിന് സമീപം നാളിതുവരെ കാണാത്തതരം ഒരു പറക്കുന്ന വസ്‌തു 1947ൽ തകർന്നുവീണു. റോസ്‌വെൽ എന്ന ടൗണിന് സമീപത്തായാണ് ഇത് വീണത്. അന്യഗ്രഹ ജീവികളുടെ വാഹനമാണിതെന്ന് വ്യാപക പ്രചാരണമുണ്ടായി.എന്നാൽ സർക്കാർ ഇത് കാലാവസ്ഥ അളക്കാനുള്ള ഉപകരണം ആണെന്നാണ് പ്രതികരിച്ചത്. ഈ വസ്‌തുവും ഏരിയ-51ലേക്ക് നീക്കിയെന്നാണ് ചിലർ വാദിക്കുന്നത്. സൈനികപരമായ രഹസ്യമടങ്ങിയ ഇടമാണോ അതോ ശരിക്കും അന്യഗ്രഹ ജീവി സാന്നിദ്ധ്യമുള്ള സ്ഥലമാണോ എന്ന ചോദ്യങ്ങൾ ഇനിയും ഏരിയ-51നെക്കുറിച്ച് ഉയരുകതന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |