ഡൽഹിയിലെ കരോൾബാഗിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ ശനിയാഴ്ച സന്ധ്യയ്ക്കുണ്ടായ ദാരുണ സംഭവം അത്യധികം ഞെട്ടിക്കുന്നതായി. പേമാരിയിൽ റോഡിൽ പൊങ്ങിയ വെള്ളം കോച്ചിംഗ് സെന്ററിന്റെ നിലവറയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി ഹാളിലേക്ക് ഇരച്ചുകയറി മലയാളിയടക്കം മൂന്നുപേരാണ് അപമൃത്യുവിനിരയായത്. ദുരന്ത സമയത്ത് വേറെയും കുട്ടികൾ ഉണ്ടായിരുന്നെങ്കിലും അവർ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടിരുന്നു. അതിനിടെ മുകൾ നിലയിലേക്കുള്ള വാതിൽ പെട്ടെന്ന് അടഞ്ഞതും മറ്റു രക്ഷാമാർഗങ്ങളുടെ അഭാവവുമാണ് മലയാളിയായ നെവിൻ ഡാൽവിൻ എന്ന ഇരുപത്തിമൂന്നുകാരന്റെയും യു.പി, തെലങ്കാന സ്വദേശികളായ രണ്ടു യുവതികളുടെയും ദാരുണ മരണത്തിന് ഇടയാക്കിയത്. സിവിൽ സർവീസ് കോച്ചിംഗ് രംഗത്ത് ഏറെ പെരുമയുള്ള റാവൂസ് സ്റ്റഡി സെന്ററാണ് രാജ്യത്തിനു തന്നെ ഭാവിയിൽ മുതൽക്കൂട്ടാകേണ്ട മൂന്നു പ്രതിഭകളുടെ ജീവിതം അറിഞ്ഞുകൊണ്ടല്ലെങ്കിലും തല്ലിക്കെടുത്തിയത്.
ലാഭക്കൊതി മൂത്ത് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിപ്പൊക്കുന്ന ഇതുപോലുള്ള കോച്ചിംഗ് സെന്ററുകൾ രാജ്യത്തെമ്പാടുമുണ്ട്. അധികൃതരുടെ കൺവെട്ടത്തു തന്നെയാണ് അവ പ്രവർത്തിക്കുന്നത്. ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡസൻ കണക്കിനു കോച്ചിംഗ് സെന്ററുകൾ പുറത്തു നിന്നെത്തുന്ന കുട്ടികൾക്ക് പലപ്പോഴും ഹോസ്റ്റൽ എന്ന പേരിൽ തടവറകൾക്കു സമാനമായ പാർപ്പിട സൗകര്യങ്ങളാണ് ഒരുക്കാറുള്ളത്. റാവൂസ് സെന്ററിലെ ദുരന്തം സെന്റർ നടത്തിപ്പുകാരുടെ മാത്രം വീഴ്‌ചയായി കാണാനാവില്ലെന്നാണ് പൊതുവേ ഉയർന്ന പരാതികൾ. ഡ്രെയിനേജ് സംവിധാനങ്ങൾ ഈ പ്രദേശത്ത് പാടേ തകരാറിലാണെന്നും നന്നാക്കണമെന്നും പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ എവിടെയുമെന്ന പോലെ ഡൽഹി മുനിസിപ്പൽ അധികൃതരും ഈ പരാതികൾക്ക് ചെവികൊടുത്തില്ല.
പെരുമഴയെത്തുടർന്നുണ്ടായ റോഡിലെ വെള്ളപ്പാച്ചിലിൽ റോഡിലും താഴ്‌ന്ന് സ്ഥിതിചെയ്തിരുന്ന സ്റ്റഡി സെന്ററിന്റെ നിലവറ മുറിയുടെ ഭിത്തി തകരുകയും നിമിഷനേരംകൊണ്ട് വെള്ളം നിറയുകയുമാണുണ്ടായത്. സംഭവത്തോടനുബന്ധിച്ച് സ്റ്റഡി സെന്റർ സി.ഇ.ഒ, കോ - ഓർഡിനേറ്റർ എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡൽഹിയിലെ വിദ്യാർത്ഥിരോഷം തണുപ്പിക്കാനുള്ള നീക്കം മാത്രമായി ഇതു കണക്കാക്കിയാൽ മതി. മുറപോലെ അന്വേഷണ സംഘങ്ങളെയും നിയമിച്ചിട്ടുണ്ട്. എന്തൊക്കെ നടപടികൾ എടുത്താലും ഓടവെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന് ജീവൻ പൊലിഞ്ഞ മൂന്നു യുവ പ്രതിഭകളുടെ ജീവൻ തിരിച്ചുകിട്ടില്ലല്ലോ. കരോൾബാഗിലെ റാവൂസ് സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്ന നാലുനില മന്ദിരത്തിന്റെ ബേസ്‌മെന്റിൽ സ്റ്റോർമുറി പ്രവർത്തിക്കാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. അതു മറികടന്ന് അവിടെ ലൈബ്രറി ഒരുക്കുകയായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത മുറിയിൽ എ.സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് കുട്ടികളെ ആകർഷിച്ചിരുന്നത്. വരാനും പോകാനും ഒരൊറ്റ വാതിൽ മാത്രമേ നിലവറ മുറിക്കുണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം വൈകിയതും വിനയായി.
ഡൽഹിയിലെയും മറ്റും കോച്ചിംഗ് സെന്ററുകളിൽ പലപ്പോഴായി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കോച്ചിംഗ് സെന്ററുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശന മാനദണ്ഡങ്ങൾ കൊണ്ടുവന്നെങ്കിലും പൊതുവേ ആരും അവ പാലിക്കാറില്ല. മേൽനോട്ടച്ചുമതലയുള്ള മുനിസിപ്പൽ അധികൃതരും അതൊന്നും ശ്രദ്ധിക്കാറില്ല. റാവൂസ് കോച്ചിംഗ് സെന്റർ ദുരന്തം വലിയതോതിൽ വിദ്യാർത്ഥി പ്രതിഷേധം ക്ഷണിച്ചുവരുത്തിയത് സ്വാഭാവികം. യുവജന പ്രക്ഷോഭം ഞായറാഴ്ച തലസ്ഥാന നഗരിയെ കിടിലം കൊള്ളിച്ചു എന്നു പറയാം. സ്റ്റഡി സെന്ററുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്കും ഉചിതമായ തീരുമാനങ്ങൾക്കും അത് വഴിവയ്ക്കുമെന്നു പ്രതീക്ഷിക്കാം. മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് സ്റ്റഡി സെന്റർ നടത്തിപ്പുകാർ മതിയായ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരാണ്. അധികൃതർ അക്കാര്യം ഉറപ്പുവരുത്തുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |