സി.പി.എമ്മിന് കനത്ത പ്രഹരം
തിരുവനന്തപുരം: വർഷങ്ങളായി സി.പി.എം ഉൾപ്പെടെ ഇടതുസംഘടനകൾക്ക് ആധിപത്യമുണ്ടായിരുന്ന കേരള സർവകലാശാല സിൻഡിക്കേറ്റിൽ രണ്ട് ബി.ജെ.പി അംഗങ്ങൾക്ക് അട്ടിമറി വിജയം. ചരിത്രത്തിലാദ്യമാണിത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ആറുപേരും കോൺഗ്രസിലെ ഒരാളും വിജയിച്ചു. സി.പി.എമ്മുമായി സഖ്യത്തിന് തയ്യാറാകാതിരുന്ന സി.പി.ഐ സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല. നേരത്തേ മൂന്ന് സി.പി.എം പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
രണ്ടുപേരെ വിജയിപ്പിക്കാനുള്ള അംഗബലമില്ലാതിരുന്ന ബി.ജെ.പിക്ക് അട്ടിമറിയും അടിയൊഴുക്കുമാണ് സഹായകമായത്. മറ്റു സംഘടനകളുടെ മുൻഗണന വോട്ടുകൾ കിട്ടിയെന്നാണ് സൂചന. ഗവർണറുടെ നാമനിർദ്ദേശത്തിലൂടെ സെനറ്റിലെത്തിയ നാഷണൽ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ, പാലോട് ബോട്ടാണിക്കൽ ഗാർഡനിലെ സീനിയർ സയന്റിസ്റ്റും വിശ്വ ആയുർവേദ ഫൗണ്ടേഷൻ നാഷണൽ സെക്രട്ടറിയും പുജപ്പുര ആർ.എസ്.എസ് സംഘചാലകുമായ ഡോ.വിനോദ്കുമാർ ടി.ജി.നായർ എന്നിവരാണ് വിജയിച്ചത്.
കഴിഞ്ഞ സിൻഡിക്കേറ്റിൽ ഒരു കോൺഗ്രസ് പ്രതിനിധിയൊഴികെ സമ്പൂർണ ആധി
പത്യമുണ്ടായിരുന്ന സി.പി.എമ്മിന് ഇതു കനത്ത തിരിച്ചടിയായി. സംഘർഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു വോട്ടെണ്ണൽ. ഗവർണർ പലപ്പോഴായി നാമനിർദ്ദേശം ചെയ്ത 17ൽ നാല് വിദ്യാർത്ഥി പ്രതിനിധികളുടെയും ഒരു അദ്ധ്യാപകന്റെയും കഴിഞ്ഞ 23ന് കാലാവധി പൂർത്തിയായ 10വിദ്യാർത്ഥി പ്രതിനിധികളുടെയും വോട്ട് എണ്ണിയില്ല.
മാറ്റിവയ്ക്കാൻ നിർദ്ദേശിച്ച വോട്ടുകൾ ഒഴികെ എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് ഇന്നലെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഹൈക്കോടതി വിധി വരുംവരെ വോട്ടെണ്ണാൻ വിസമ്മതിച്ച വി.സിയുടെ നടപടിയിൽ സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു.
വിജയിച്ച സി.പി.എം പ്രതിനിധികൾ: പ്രൊഫ.കെ.സി.പ്രകാശ്, ഡോ.കെ.റഹിം, ഡോ.എൻ.പ്രമോദ്, ഡോ.ടി.ആർ.മനോജ്, അഡ്വ.ആർ.ബി. രാജീവ് കുമാർ, ഡി.എൻ.അജയ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർ: ഡോ.എസ്.നസീബ്, പ്രൊഫ. വി.മനോജ്, ഡോ.എം.ലെനിൻലാൽ
കോൺഗ്രസ് പ്രതിനിധി: അഹമ്മദ് ഫാസിൽ.
കോൺഗ്രസ്, സി.പി.ഐ
വോട്ടുകൾ മറിഞ്ഞു?
കോൺഗ്രസിന്റെയും സി.പി.ഐയുടെയും വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞെന്നാണ് വിലയിരുത്തൽ. ചില സി.പി.എം അംഗങ്ങളുടെ വോട്ടും മറിഞ്ഞതായി സൂചനയുണ്ട്. സി.പി.ഐയ്ക്ക് രണ്ടംഗങ്ങൾ. കോൺഗ്രസിന് 10. കോൺഗ്രസിന്റെ ഒരു വിദ്യാർത്ഥി പ്രതിനിധിയുടെ വോട്ട് പരിഗണിച്ചില്ല. ബി.ജെ.പിക്കുള്ളത് 12 അംഗങ്ങൾ. ഒരാളെ ജയിപ്പിക്കാൻ വേണ്ടത് ഒൻപത് വോട്ടുകൾ. ഒരു ബി.ജെ.പി അംഗം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരിക്കെ ലഭിച്ചത് രണ്ട് സീറ്റുകൾ.
ബി.ജെ.പി ജയം ഇങ്ങനെ
1.12അംഗങ്ങളുള്ള ബി.ജെ.പിക്ക് 14 ഒന്നാം വോട്ട് ലഭിച്ചു. ആദ്യ സ്ഥാനാർത്ഥി 9 വോട്ടിനും രണ്ടാമൻ 5 വോട്ടിനും ജയിച്ചു
2.സി.പി.എം, അദ്ധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുചെയ്തു, ജനറൽ സീറ്റുകളിൽ വോട്ടുകുറഞ്ഞു
3.ജനറൽ സീറ്റിലെ ആറാമനായ സി.പി.എം സ്ഥാനാർത്ഥിക്ക് 3വോട്ടേ കിട്ടിയുള്ളൂ
4.കോൺഗ്രസിലെ 2 സ്ഥാനാർത്ഥികൾക്ക് 11 ഒന്നാം വോട്ട് ലഭിച്ചതിൽ ഒരാൾ വിജയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |