കൊച്ചി: ആദായനികുതി വകുപ്പും സി.എം.ആർ.എൽ കമ്പനിയും മാത്രം കക്ഷികളായ വിഷയത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നത് നിയമപരമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.
ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് രഹസ്യരേഖയായി സൂക്ഷിക്കേണ്ടതായിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് അന്വേഷണം ആവശ്യപ്പെടാനാവില്ലെന്നും സർക്കാർ വാദിച്ചു. സി.എം.ആർ.എൽ 135 കോടി രൂപയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കമ്പനിയുമായുള്ള 1.72 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്. കരാർ അനുസരിച്ചുള്ള സേവനങ്ങൾക്ക് ബാങ്കുകൾ മുഖേനയാണ് വീണയുടെ കമ്പനിക്ക് പണം കൈമാറിയതെന്ന് സി.എം.ആർ.എൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ എക്സാലോജിക് എന്തെങ്കിലും സേവനം നൽകിയതായി തങ്ങൾക്കറിയില്ലഎന്നാണ് സി.എം.ആർ.എൽ ജീവനക്കാരുടെ മൊഴി. ഇതിന് പിന്നിൽ എന്തോ സമ്മർദ്ദമുണ്ടെന്നും ഡി.ജി.പി. വാദിച്ചു.
നികുതിവിഷയത്തിൽ കക്ഷിയല്ലാത്ത വീണാ വിജയനെ ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും രാഷ്ട്രീയവിരോധമാണ് കാരണമെന്നും വീണയുടെ അഭിഭാഷകൻ ആരോപിച്ചു. മാത്യു കുഴൽനാടന്റെ മറുപടിക്കായി ജസ്റ്റിസ് കെ. ബാബു ഹർജി ആഗ്സ്റ്റ് 7ന് പരിഗണിക്കാൻ മാറ്റി.
സമാന ആവശ്യവുമായി കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം തുടരും. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ വാദമാണ് ഇന്നലെ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |