കൊല്ലം: ട്രെയിനുകളിലേക്ക് പാഴ്സൽ കയറ്റുന്ന സ്റ്രേഷനിലും ഇറക്കുന്നിടത്തും അഞ്ച് മിനിറ്റ് സ്റ്റോപ്പ് വേണമെന്ന നിയമം കർശനമാക്കിയെന്ന പേരിൽ, പാഴ്സലുകൾക്ക് ലഗേജ് ടിക്കറ്റ് അടിച്ചേൽപ്പിച്ച് റെയിൽവേയുടെ കൊള്ള.
ദീർഘദൂര ട്രെയിനുകളിൽ പലതിനും നേരത്തെ കൊല്ലത്ത് അഞ്ച് മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരുന്നു. വേഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിറുത്തിയിടുന്ന സമയം ക്രമേണ വെട്ടിക്കുറച്ചു. ഇതിനിടയിൽപ്പോലും, അഞ്ച് മിനിറ്റ് സ്റ്റോപ്പില്ലാത്ത ട്രെയിനുകളിൽ വരെ കൊല്ലത്ത് നിന്നു പാഴ്സൽ ടിക്കറ്റിൽ സാധനങ്ങൾ അയച്ചിരുന്നു.
അടുത്തിടെ മുതലാണ് അഞ്ച് മിനിറ്റ് ഹാൾട്ട് ടൈം നിർബന്ധമാക്കിയെന്ന പേരിൽ കൂടുതൽ തുക നൽകേണ്ട ലഗേജ് ടിക്കറ്റ് എടുപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സൈനികരും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുമാണ് പുതിയ തന്ത്രത്തിന്റെ ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്. ഇതര സംസ്ഥാനത്തെ കുടുംബാംഗങ്ങൾക്ക് ഇവിടെ നിന്നു ബന്ധുക്കൾ ഇടയ്ക്കിടെ ഭക്ഷ്യവസ്തുക്കൾ ട്രെയിനിൽ പാഴ്സലായി അയയ്ക്കുമായിരുന്നു. മത്സ്യവിഭവങ്ങളാണ് കൂടുതലായി കൊല്ലത്ത് നിന്ന് അയച്ചിരുന്നത്. ഓണക്കാലത്താണ് ഭക്ഷ്യവസ്തുക്കൾ കൂടുതലായി അയയ്ക്കുന്നത്.
ചെയ്യാത്ത യാത്രയ്ക്കും ടിക്കറ്റ്
കൊല്ലത്ത് നിന്ന് ബൈക്ക് ഡെൽഹിയിലേക്ക് പാഴ്സൽ അയയ്ക്കാൻ ടിക്കറ്റ് ചാർജ് 3,100 രൂപ
എന്നാൽ ലഗേജായി അയയ്ക്കാൻ 4,100 രൂപ നൽകണം
ലഗേജിനൊപ്പം യാത്രക്കാരനും ഉണ്ടാകണം
അതിനാൽ 600 രൂപ നൽകി ജനറൽ ടിക്കറ്റ് എടുത്തങ്കിലേ ലഗേജ് അയയ്ക്കാൻ പറ്റൂ
50 കിലോ കശുഅണ്ടി ഡൽഹിയിലേക്ക് പാഴ്സൽ അയയ്ക്കാൻ 500 രൂപയാണ് ചാർജ്
ലഗേജായി ആയയ്ക്കാൻ യാത്രാ ടിക്കറ്റ് ചാർജ് സഹിതം 1100 രൂപയാകും
യാത്ര ചെയ്യാതെ ടിക്കറ്റ് കൊറിയറായി അയച്ചുനൽകിയാൽ മതിയെന്ന തട്ടിപ്പിന് ഉദ്യോഗസ്ഥർ തന്നെ പ്രേരിപ്പിക്കുന്നു
പാഴ്സൽ ടിക്കറ്റ് നിഷേധിക്കുന്നത് ദീർഘദൂര ട്രെയിനുകളിൽ
പാഴ്സൽ ടിക്കറ്റ് നിഷേധിക്കുന്ന അതേ ട്രെയിനിൽ തന്നെ ലഗേജായി സാധനങ്ങൾ അയച്ച് റെയിൽവേ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
രതിൻ, മേവറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |