ചങ്ങനാശേരി : കുറിച്ചി ഗവ. സ്‌കൂൾ വലിയ മാതൃകയാണ്. മുമ്പ് വൈദ്യുതി ബിൽ കുടിശികയായതിന്റെ പേരിൽ കെ.എസ്.ഇ.ബി അധികൃതർ സ്‌കൂളിലെ ഫ്യൂസ് ഊരാനെത്തിയപ്പോൾ എങ്ങും പരിഹാസവാക്കുകളായിരുന്നു. എന്നാൽ ഇന്ന് ആ കെ.എസ്.ഇ.ബിക്ക് തന്നെ വൈദ്യുതി തിരിച്ചുവിൽക്കാൻ ഒരുങ്ങുകയാണ് കുറിച്ചി ഗവ.സ്‌കൂൾ വിദ്യാർത്ഥികൾ.
സ്‌കൂളിൽ സ്ഥാപിച്ച സോളർ പവർ പ്ലാന്റിൽ നിന്നാകും വൈദ്യുതി ഉത്പാദിപ്പിക്കുക. സ്‌കൂളിലെ ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ വിൽക്കും. പദ്ധതിക്ക് ഹൈവോൾട്ടേജ് പകരാൻ കൂടെയുണ്ടായത് ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖാണ്. വൈശാഖിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പവർ പ്ലാന്റ് സ്ഥാപിച്ചത്. നിർമാണം 80 ശതമാനത്തോളം പൂർത്തിയായി. ഗവ.അക്രിഡിറ്റഡ് ഏജൻസിയായ കെൽ ആണ് പ്ലാന്റ് സ്ഥാപിച്ചത്. 40 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കാൻ കഴിയും
കുടിശിക 16000
ബിൽ തുക കുടിശികയായതിന്റെ പേരിൽ 2 വർഷം മുൻപാണ് കെ.എസ്.ഇ.ബി അധികൃതർ സ്‌കൂളിലെ ഫ്യൂസ് ഊരാൻ എത്തിയത്. 16,000 രൂപയായിരുന്നു കുടിശിക. വൈദ്യുതി ബിൽ, വാട്ടർ ബിൽ തുടങ്ങി സ്‌കൂളിന്റെ ചെലവുകൾക്കാവശ്യമായ തുക അനുവദിക്കാൻ ഡിഡി എജ്യുക്കേഷന് പദ്ധതിയില്ലായിരുന്നു. പി.ടി.എയ്ക്കാകട്ടെ സ്‌കൂളിന് ആവശ്യമുള്ള തുക കണ്ടെത്താനുമായില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും കെ.എസ്.ഇ.ബി സെക്ഷൻ എ.ഇയോട് ഫ്യൂസ് ഊരരുതെന്ന് അഭ്യർത്ഥിച്ചതോടെ ജീവനക്കാർ മടങ്ങുകയായിരുന്നു. പിന്നീട് പി.ടി.എയും അദ്ധ്യാപകരും പിരിവെടുത്താണ് വൈദ്യുതി ബിൽ അടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |