കൊച്ചി: ജനറൽ ആശുപത്രിയിൽ ബുക്ക്സ്റ്റാൻഡർ...? ബൈസ്റ്റാൻഡറല്ല ബുക്ക് സ്റ്റാൻഡർ തന്നെ. എറണാകുളം ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയാണ് ആശുപത്രിയുടെ ഏറ്റവും പുതിയ പദ്ധതി.
പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചൊരു റീഡിംഗ് കോർണർ. നിലവിലെ കാഷ്വാലിറ്റി മന്ദിരത്തിന്റെ ഒന്നാംനിലയിലാണ് ഓപ്പൺ ലൈബ്രറി തുറക്കുക. കൂട്ടിരിപ്പുകാരെയാണ് കൂടുതൽ പരിഗണിക്കുന്നത്. പുസ്തകങ്ങൾ നൽകുന്നത് പബ്ലിക് ലൈബ്രറി. ആദ്യഘട്ടത്തിലേക്ക് 30,000 രൂപയുടെ പുസ്തകങ്ങൾ പബ്ലിക് ലൈബ്രറി അധികൃതർ ഇതിനോടകം വാങ്ങിക്കഴിഞ്ഞു.
പത്രങ്ങൾ, ബുക്കുകൾ, ആഴ്ചപതിപ്പുകൾ തുടങ്ങി കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും വായിക്കാവുന്ന ലൈബ്രറിയാണ് തയ്യാറാകുന്നത്. ഇന്റീരിയർ ജോലികൾ അന്തിമഘട്ടത്തിലാണ്. ആഗസ്റ്റ് ഒന്നിന് പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം നിർവഹിക്കും. ജനറൽ ആശുപത്രിയിൽ ചികിത്സാ സംബന്ധമായെത്തുന്ന ആർക്കും അവരുടെ ഒപ്പമെത്തുന്നവർക്കും പുസ്തക വായനയ്ക്ക് ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുക്ക്‌സ്റ്റാൻഡർ എന്ന പേരിൽ ലൈബ്രറി ഒരുക്കുക.
ആദ്യത്തെ ബുക്ക് സ്റ്റാൻഡർ പൂർത്തിയാകുന്നതിന് പിന്നാലെ ജനറൽ ആശുപത്രി വളപ്പിലെ മറ്റ് രണ്ടിടങ്ങളിൽക്കൂടി സമാന ലൈബ്രറികളൊരുങ്ങും. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലും കാൻസർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുമാകും ഇവ. മൂന്ന് ബുക്ക് സ്റ്റാൻഡറുകൾക്കുമായി നാലുലക്ഷം രൂപയോളം വേണ്ടിവരും. ആശുപത്രി വികസന ഫണ്ടിൽനിന്ന് സ്‌പോൺസർമാരിൽ നിന്നുമാണ് പണം കണ്ടെത്തുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ഇതിനുമുമ്പും വ്യത്യസ്ത പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. രോഗികൾക്കൊപ്പവും രോഗബാധിതരായും എത്തുന്ന കുട്ടികൾക്കായി മാസങ്ങൾ മുമ്പാണ് ഇവിടെ കുട്ടികളുടെ പാർക്കൊരുക്കിയത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സഹകരണത്തോടെ 18 ലക്ഷം മുടക്കിലാണ് പാർക്ക്. ഗെയിംസോണും റൈഡുകളുമുൾപ്പെടെയുള്ള പാർക്കിലിപ്പോൾ കുട്ടികളുടെ തിരക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |