മലപ്പുറം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ കാർ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കുണ്ട്. വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒൻപതരയ്ക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നാണ് വിവരം. മുഖ്യമന്ത്രി ഇന്ന് ദുരന്തമേഖല സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിലെത്തും.
വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ മേപ്പാടിയിൽ രാവിലെമുതൽ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 153 ആയി ഉയർന്നു. 211 പേരെ കാണാനില്ലെന്നാണ് ബന്ധുക്കൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരിക്കുന്നത്. എന്നാൽ 98 പേരെ കാണാതായെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. 481 പേരെ രക്ഷപ്പെടുത്തി. 3069 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 186 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. എട്ടുമൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്.
നാല് സംഘങ്ങളിലായി 150 സൈനികർ ചൂരൽമലയിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവർത്തകരുമുണ്ട്. അഗ്നിശമന സേനയുടെ തെരച്ചിൽ ഉടൻ തുടങ്ങുമെന്നാണ് വിവരം. ഇതിനുപുറമെ ബംഗളൂരുവിൽ നിന്ന് ബെയിലി പാലം നിർമിക്കാനുള്ള സാമഗ്രികളും എത്തിക്കുന്നുണ്ട്. പാലം നിർമിച്ചുകഴിഞ്ഞാൽ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്ന് റവന്യൂമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |