കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വീട്ടിനുളളിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചയോടെ നടത്തിയ തെരച്ചിലാണ് രക്ഷാപ്രവർത്തനസംഘം ഇവരെ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് സംശയം തോന്നി തെരച്ചിൽ നടത്തിയതെന്ന് രക്ഷാപ്രവർത്തന സംഘത്തിലെ ഒരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് ശ്രമകരമാണെന്നും ആധുനിക ഉപകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രക്ഷാപ്രവർത്തനം സാദ്ധ്യമാകുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.
ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് തവണയാണ് ഉരുൾപൊട്ടിയത്. തിങ്കളാഴ്ച അർദ്ധരാത്രിക്കുശേഷവും കഴിഞ്ഞ ദിവസം പുലർച്ചെയും ഉച്ചയ്ക്കുശേഷവുമായാണ് സംഭവം. തിങ്കളാഴ്ച രാത്രി 12.30,1.25,2.30, ഇന്നലെ രാവിലെ 7.46, ഉച്ചയ്ക്ക് 2. 30 സമയങ്ങളിലാണ് ഉരുൾപൊട്ടിയത്. എൺപതോളം വീടുകളും പത്തിലേറെ വ്യാപാര സ്ഥാപനങ്ങളും തകർന്നടിഞ്ഞു. ചൂരൽമലയിലെ പാലം ഒലിച്ചുപോയി. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു.
ചെറുതും വലുതുമായ 100 ഓളം വാഹനങ്ങൾ മണ്ണിനടിയിലായി. രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കൈയിൽ ക്ഷേത്രത്തിനു സമീപത്തെ കുന്നിൻ മുകളിലാണ് ആദ്യം ഉരുൾപൊട്ടിയത്. വലിയ സ്‌ഫോടനശബ്ദം കിലോമീറ്റർ അകലേക്ക് കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. വൈകാതെ ചൂരൽമല പുഴയിലൂടെ വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ചെളിയും ഒഴുകിയെത്തി. സ്‌കൂൾ റോഡിലെ ആറ് വീടുകൾ തകർന്നു. വെള്ളാർമല ജി.വി.എച്ച്.എസ്. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളാണ് ഉരുൾപൊട്ടലിന്റെ വിവരങ്ങൾ ആദ്യം അധികൃതരെ അറിയിച്ചത്. ഉടൻതന്നെ പൊലീസും ഫയർഫോഴ്സും എത്തി ചൂരൽമലയിൽ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.
പാലം തകർന്നതിനാൽ മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായില്ല. കുടുങ്ങിക്കിടന്ന ആളുകളെ രക്ഷിക്കുന്നതിനിടെ രാത്രി 1 .30 ഓടെ രണ്ടാമതും ഉരുൾപൊട്ടി. അത് ആദ്യത്തെതിനേക്കാൾ വലുതായിരുന്നു. അവശേഷിച്ച വീടുകൾ ഉൾപ്പെടെ തകർത്തുകൊണ്ടായിരുന്നു മലവെള്ളം ഒഴുകിയെത്തിയത്. 12 വീടുകളാണ് രണ്ടാംഘട്ടത്തിൽ തകർന്നത്. ഈ ഭാഗത്തുനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തെരച്ചിൽ ആരംഭിച്ച് ഒരു മണിക്കൂറിനകം എട്ട് മൃതദേഹങ്ങൾ ലഭിച്ചു. പലരും വീടുകളിൽ നിന്ന് ഇറങ്ങി ഓടുമ്പോഴാണ് ദുരന്തത്തിൽ പെട്ടത്. മരങ്ങൾക്കും കല്ലുകൾക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്ന തരത്തിൽ ആയിരുന്നു മൃതദേഹങ്ങൾ. മരങ്ങൾ മുറിച്ചു നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |