കൊച്ചി: പെരുമ്പാവൂർ- മൂവാറ്റുപുഴ റോഡിൽ പേഴക്കാപ്പിള്ളി-പള്ളിച്ചിറങ്ങര മുസ്ലിം പള്ളിക്ക് സമീപത്ത് നിന്ന് രണ്ടിടത്തായി എക്സൈസിന്റെ വൻ ബ്രൗൺ ഷുഗർ വേട്ട. അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന മുറികളിൽ നിന്നാണ് ബ്രൗൺ ഷുഗർ പിടിച്ചെടുത്തത്. പള്ളിച്ചിറങ്ങര ഷംസുദ്ദീന്റെ വാടക കെട്ടിടത്തിൽ താമസിച്ചു വന്നിരുന്ന അസാം സ്വദേശിയായ ഇജാഹുൽ ഹക്ക് എന്നയാളുടെ മുറിയിൽ നിന്നും പള്ളിച്ചിറങ്ങര ജംഗ്ഷനിൽ നിന്ന് ചെറുവട്ടൂർ പോകുന്ന റോഡിൽ സ്ഥിതിചെയ്യുന്ന ബഷീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിക്കുന്ന അസാം സ്വദേശിയായ അബ്ദുൾ അലി എന്നയാളുടെ മുറിയിൽ നിന്നുമാണ് ഉദ്ദേശം 40 ലക്ഷം രൂപ വിലവരുന്ന 132.328 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. സ്ഥലത്തെത്തിയപ്പോൾ മുറികൾ പൂട്ടിയിട്ട നിലയിലും താമസക്കാർ ഇല്ലാത്ത നിലയിലുമായിരുന്നു. തുടർന്ന് വാർഡ് മെമ്പറായ എം.എ. നൗഷാദിന്റേയും കെട്ടിട ഉടമസ്ഥൻമാരുടെയും സാന്നിദ്ധ്യത്തിൽ മുറികളുടെ ലോക്ക് തകർത്താണ് പരിശോധന നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേർത്ത് മൂവാറ്റുപുഴ എക്സൈസ് കേസ് എടുത്തു. ബ്രൗൺ ഷുഗർ 12 സോപ്പ് പെട്ടികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഫസലു റഹ്മാൻ അറിയിച്ചു.
പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.പി. ഹസൈനാർ, എം.എ.കെ. ഫൈസൽ, പ്രീവന്റീവ് ഓഫീസർ രഞ്ചു എൽദോ തോമസ്, ഗ്രേഡ് പ്രീവന്റീവ് ഓഫീസർമാരായ ഉന്മേഷ് വി, പി.എം. കബീർ, സിവിൽ എക്സൈസ് ഓഫീസർ കെ.എ റസാക്ക് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |