ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് കെ സി വേണുഗോപാൽ എം.പി. ശ്രദ്ധക്ഷണിക്കൽ ചർച്ചക്കു തുടക്കം കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അടിയന്തര സഹായങ്ങൾ ലഭ്യമാക്കണമെന്നും അതിജീവനത്തിന് സാമ്പത്തിക സഹായം നൽകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ നടപടി വേണം. ഒരാഴ്ച മുൻപ് മുന്നറിയിപ്പ് നൽകി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ എന്ത് നടപടി സ്വീകരിച്ചു, കേന്ദ്രം ഇതിൽ എന്ത് തുടർനടപടി സ്വീകരിച്ചു എന്നെല്ലാം അറിയണം. വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം വയനാട്ടിലെ ജനങ്ങൾ ഉൾപ്പെടെ കേരളജനത ഒന്നടങ്കം രക്ഷാപ്രവർത്തനത്തിലുണ്ട്. എൻഡിആർഎഫ്, സൈന്യം എന്നിവരുടെ സേവനവും ലഭ്യമാണ്. എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. ഓരോ നിമിഷവും ദുരന്ത ഭൂമിയിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണ്. നിരവധി മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാത്ത വിധം കിടക്കുന്നത്.ഇനിയും ആളുകൾ മണ്ണിനടയിലുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ദുരന്തത്തിന് ഇരയായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് രൂപം നൽകണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണം.
മികച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു. 2018 മുതൽ കേരളം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നു. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല ആധുനിക സൗകര്യത്തോടുകൂടിയ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം. പ്രകൃതി ദുരന്തങ്ങളെ നമുക്ക് തടഞ്ഞ് നിർത്താൻ കഴിയില്ല. എന്നാൽ നേരെത്തെ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിഞ്ഞാൽ അപകടത്തിന്റെ വ്യാപ്തിയും മരണപ്പെടുന്ന ആളുകളുടെ എണ്ണവും കുറയ്ക്കാൻ സാധിക്കും.കൂടാതെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും സാധിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. അതിനായുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചുവർഷമായി നമ്മൾ കേരളത്തിലും, ആസാമിലും കർണാടകത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, ബീഹാറിലും തമിഴ്നാട്ടിലുമൊക്കെയായി വെള്ളപ്പൊക്കങ്ങൾ, ഉരുൾപൊട്ടലുകൾ മുതലായ വലിയ പ്രകൃതി ദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കാൻ കോൺഗ്രസില്ല. രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് ആകണം എല്ലാവരും മുൻഗണന നൽകേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |