ന്യൂഡല്‍ഹി: തിരിച്ചറിയൽ രേഖകശിളിൽ ഉൾപ്പെടെ തിരിമറി നടത്തിയതിന് അന്വേഷണം നേരിടുന്ന പൂജ ഖേദ്‌കറുടെ ഐ.എ.എസ് സെലക്ഷൻ യു.പി.എസ്.സി റദ്ദാക്കി. ഇവരുടെ പ്രൊവിഷൽ കാൻഡിഡേറ്റർ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യു.പി.എസി.സി പരീക്ഷ എഴുതുന്നതിൽ ആജീവാനന്ത വിലക്കും ഏർപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷാചട്ടങ്ങൾ പൂജ ഖേദ്‌കർ ലംഘിച്ചതായി യു.പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാരണം കാണിക്കൽ നോട്ടീസിന് ജൂലായ് 25നകം മറുപടി നൽകാൻ നിർദ്ദേശിച്ചിരുന്നു. ആഗസ്റ്റ് നാലു വരെ പൂജ സമയം ആവശ്യപ്പെട്ടു. ജൂലായ് 30 വരെ സമയം നൽകിയിട്ടും മറുപടി ലഭിച്ചില്ല. രേഖകൾ പരിശോധിച്ചപ്പോൾ പൂജ കുറ്റം ചെയ്തെന്ന് കണ്ടെത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2009 - 2023 കാലയളവിൽ സിവിൽ സർവീസ് സ്ക്രീനിംഗ് പൂർത്തിയാക്കിയ 15000ലേറെ ഉദ്യോഗാർത്ഥികളുടെ രേഖകളും പരിശോധിച്ചു. ആരും തിരിമറി നടത്തിയതായി കണ്ടെത്തിയില്ലെന്നും യു.പി.എസ്.സി അറിയിച്ചു.
കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. തട്ടിപ്പ് നടത്തിയും, വ്യാജരേഖകൾ നൽകിയും കൂടുതൽ തവണ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം തരപ്പെടുത്തിയെന്നാണ് പൂജയ്ക്കെതിരെയുള്ള ആരോപണം. ഒ.ബി.സി ക്വാട്ടയും, അംഗപരിമിതർക്കുള്ള സംവരണവും അനധികൃതമായി നേടിയെന്നും പരാതിയുയർന്നു. സ്വന്തം പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, ഒപ്പ്, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവയിലും പൂജ തിരിമറി നടത്തിയെന്ന് യു.പി.എസ്.സി കണ്ടെത്തി. ദേശീയ തലത്തിൽ 821ാം റാങ്കായിരുന്നു.
അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐ.എ.എസ് ട്രെയിനിയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വി.ഐ.പി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തന്റെ സ്വകാര്യ കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വി.ഐ.പി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |