വയനാടിനെ കൈപിടിച്ചുകയറ്റാൻ കേരളമൊന്നാകെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ജില്ലകളിൽ നിന്ന് വയനാട്ടിലേക്ക് സഹായം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ അമ്മയെ കാണാതായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ വരെ സന്നദ്ധത അറിയിച്ചുകൊണ്ട് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.
സഹായിച്ചവരുടെ കൂട്ടത്തിൽ കൊച്ചിക്കാരൻ നൗഷാദുമുണ്ട്. മഹാ പ്രളയകാലത്ത് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകാൻ തയ്യാറായ അതേ നൗഷാദ് തന്നെ. ഇത്തവണ കടയിലെ മുഴുവൻ വസ്ത്രങ്ങളും ചൂരൽമലയിലേക്ക് എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാൽ ഇതിൽ പോലും നെഗറ്റീവ് കാണുന്ന ചിലരുണ്ട്. അങ്ങനെയുള്ളവരെക്കുറിച്ച് ഡോക്ടറും എഴുത്തുകാരനുമായ നെൽസൺ ജോസഫ് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
"ഒടനേ വരും ഒരു തുണി ചോദിച്ചപ്പൊ കട മുഴുവൻ കൊടുത്ത കഥ" എന്നോ മറ്റോ ഒരിടത്ത് ഒരു കമന്റിന്റെ സ്ക്രീൻഷോട്ട് കണ്ടു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഹൃദയത്തിന്റെ സ്ഥാനത്ത് കല്ല് അല്ലാത്ത മലയാളികൾക്ക് അയാളുടെ പേരു ഗൂഗിൾ ചെയ്ത് നോക്കേണ്ടിവരില്ലെന്നും ഉള്ളതു കൊടുത്ത്, ഇല്ലായ്മയിൽ നിന്ന് സഹായിക്കാൻ മനസ് കാണിക്കുന്ന മലയാളിയുടെ പ്രതീകമാണ് അദ്ദേഹമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
"ഒടനേ വരും ഒരു തുണി ചോദിച്ചപ്പൊ കട മുഴുവൻ കൊടുത്ത കഥ" എന്നോ മറ്റോ ഒരിടത്ത് ഒരു കമന്റിന്റെ സ്ക്രീൻഷോട്ട് കണ്ടു.
അയാൾക്കൊരു പേരുണ്ട്.
നൗഷാദ്.
ഹൃദയത്തിന്റെ സ്ഥാനത്ത് കല്ല് അല്ലാത്ത മലയാളികൾക്ക് അയാളുടെ പേരു ഗൂഗിൾ ചെയ്ത് നോക്കേണ്ടിവരില്ല.
അയാളൊരു പ്രതീകമാണ്.
ഉള്ളതു കൊടുത്ത്, ഇല്ലായ്മയിൽ നിന്ന് സഹായിക്കാൻ മനസ് കാണിക്കുന്ന മലയാളിയുടെ.
അതിൽ വിഷമിച്ചിട്ട് ഒരു കാര്യവുമില്ല.
അതങ്ങനെയാണ്
കൊടുക്കുന്നവരെ നാട് ഓർമിക്കും.
കൊടുക്കാതിരിക്കുന്നവരെ ചിലപ്പൊ വീട്ടുകാർ ഓർത്തെന്നിരിക്കും.
കൊടുക്കരുതെന്ന് പറയുന്നവരെ സ്വന്തം നിഴൽ പോലും മറന്നെന്ന് വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |