വയനാട് : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ ഊർജിതമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കാൻ പറ്റാത്തത് വെല്ലുവിളി ആയിരുന്നു എങ്കിൽ ബെയ്‌ലി പാലം പൂർത്തിയായതോടെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.
വയനാട്ടിൽ സർവകക്ഷി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു
മുഖ്യമന്ത്രിയുടെ വാക്കുകൾ
'മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടർന്ന് ദൗത്യങ്ങൾ ഏകോപിപ്പിക്കും. റവന്യൂ മന്ത്രി, വനംമന്ത്രി, ടൂറിസം മന്ത്രി, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി എന്നിവരടങ്ങുന്ന ഉപസമിതിയാണ് പ്രവർത്തിക്കുക. നിലവിൽ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ തൽക്കാലം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കും. ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കും. കുട്ടികൾ ഉള്ള സ്ഥലത്തിരുന്ന് വിദ്യാഭ്യാസം തുടരാം. വിദ്യാഭ്യാസ വകുപ്പ് ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.
ദുരന്തത്തെ എല്ലാവരും ഒരേ മനസോടെയാണ് കാണുന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാനാണ് പ്രഥമപരിഗണന. രക്ഷിക്കാൻ കഴിയാവുന്ന എല്ലാവരെയും രക്ഷിച്ചു. പുനരധിവാസം ഫലപ്രദമായി നടത്തും. ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കും. ആളുകളുടെ സ്വകാര്യത മാനിക്കുന്ന വിധത്തിൽ ആയിരിക്കും ക്യാമ്പുകളുടെ പ്രവർത്തനം. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ളിൽ പോയി ദൃശ്യങ്ങൾ പകർത്തരുത്. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും.
മൃതദേഹങ്ങൾ തിരിച്ചറിയുന്ന ഇടങ്ങളിൽ ബന്ധുക്കൾ എത്തി അത്തരം പ്രവൃത്തികളിൽ ഏർപ്പെടണം. അനാവശ്യമായി ആളുകൾ തള്ളിക്കയറുന്ന രീതി ഒഴിവാക്കണം. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും കാര്യങ്ങൾ സംസാരിച്ചു
സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കുന്ന നടപടി സ്വീകരിക്കും.തെറ്റായ പ്രചരണം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ല അത്തരക്കാർ പ്രത്യേക മാനസിക അവസ്ഥയിലൂടെ മുന്നോട്ടു പോകുന്നവരാണ് .അവർ അത് ചെയ്തോട്ടെ.വയനാട്ടിലേത് മഹാ ദുരന്തമാണ്. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ അംഗീകരിക്കണം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |