പെരുമ്പാവൂർ: പെരിയാറിലൂടെ പെരുമ്പാവൂരിൽ നിന്ന് മെട്രോ ബോട്ട് സർവീസ് ആരംഭിക്കുന്നതിന് സാദ്ധ്യതാ പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പാവൂർ ജനകീയ വികസന സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സജീവമായി രംഗത്തെത്തിയിരിക്കുന്നത്. മേഖലയിലെ ടൂറിസം വികസനത്തിന് കരുത്തുപകരുന്നതാകും വാട്ടർ മെട്രോ എന്നാണ് ഇവരുടെ അവകാശവാദം. കൂടാതെ ഗതാഗത തടസം കൂടാതെ സമയം ലാഭിച്ച് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താനും യാത്രക്കാർക്ക് ഇതുവഴി കഴിയും.
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രം, ആദിശങ്കരന്റെ ജന്മം കൊണ്ട് പരിപാവനമായ കാലടി, അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ, തിരുവൈരാണിക്കുളം ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങളും ടുറിസ്റ്റ് കേന്ദ്രങ്ങളായ കോടനാട് ആനക്കളരി, അഭയാരണ്യം, ഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ ഒക്കൽ തുരുത്ത് എന്നീ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ തീരത്താണ്. അതുമാത്രമല്ല ആലുവ, ഏലൂർ വ്യവസായ മേഖലകളിലേക്കും കൊച്ചി നഗരത്തിലേക്കുമുള്ള യാത്രക്കാർക്കും ഉപകാരപ്രദമാകും ഇത്. വിദേശ ടൂറിസ്റ്റുകൾക്കും ഇത് പുതിയ അനുഭവമാകും. എന്നാൽ ഇത്തരമൊരു പദ്ധതിക്ക് ഏറെ പ്രതിസന്ധികൾ തടസമായുണ്ട്. ബോട്ട് കടന്നുപോകാൻ പെരിയാറിന്റെ പലയിടത്തും സൗകര്യമൊരുക്കാൻ വലിയ സാമ്പത്തിക ചെലവും പ്രതീക്ഷിക്കേണ്ടിവരും.
മുൻ കാലങ്ങളിൽ വള്ളങ്ങൾ ഉപയോഗിച്ച് ചരക്ക് നീക്കവും യാത്രയും പെരിയാറിലൂടെ ആയിരുന്നു. എല്ലാവർക്കും സൗകര്യ പ്രദമായ മെട്രോ ബോട്ട് സർവീസ് പെരുമ്പാവൂരിൽ നിന്ന് പെരിയാറ്റിലൂടെ ആരംഭിക്കുന്നതിന് സാദ്ധ്യതാപഠനം നടത്തണം
എൻ. രാമചന്ദ്രൻ,
സി.കെ. അബ്ദുള്ള,
ജോൺ. ടി. ബേബി,
ടി.എം. സാദിഖ് അലി,
(പെരുമ്പാവൂർ ജനകീയ വികസന സമിതി ഭാരവാഹികൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |