തിരുവനന്തപുരം : സ്നാനഘട്ടങ്ങളിലോ ക്ഷേത്രങ്ങളിലോ പോയി ബലി തർപ്പണം നടത്താൻ സാധിക്കാത്തവർക്ക് വീടുകളിൽ ബലിതർപ്പണം നടത്താം.വേണ്ടത് തുളസി, ചെറൂള, കിണ്ടി വെള്ളം, ചന്ദനം, ചന്ദനത്തിരി, നിലവിളക്ക്, എണ്ണ, തിരി, എള്ള്, പിണ്ഡം ( പച്ചരി, എള്ള്, ശർക്കര, പഴം, തേനും ചേർത്ത് കുഴച്ചത് ) , വാഴയില, ദർഭ ( പവിത്രം )
ബലിതർപ്പണം
കുളിച്ച് ശുദ്ധമായി വന്ന് അഞ്ചുതിരിയിട്ട നിലവിളക്ക് കൊളുത്തി വയ്ക്കുക. തെക്കോട്ട് തിരിഞ്ഞിരുന്ന് മുന്നിൽ തളിച്ച് ശുദ്ധമാക്കി തൂശനില തെക്കോട്ടായി വച്ച് പൂവെടുത്ത് പ്രാർത്ഥിക്കുക (ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം, പ്രസന്ന വദനം ധ്യായേത് സർവവിഘ്‌നോപ ശാന്തയേ). പുഷ്പം നിലവിളക്കിന്റെ പാദത്തിൽ സമർപ്പിക്കുക.
പവിത്രം (ഉള്ളവർ) ധരിച്ച് എള്ളും പൂവും ചന്ദനവും ചേർത്ത് ശിരസ്സിൽ മൂന്നു വട്ടം ഉഴിഞ്ഞ് പിതൃക്കളെ സങ്കല്പിച്ച്, ആവാഹിച്ച് ഇലയിൽ സമർപ്പിക്കുക. വലതു കൈയിൽ എള്ളെടുത്ത് ഇടതു കൈ കൊണ്ട് കിണ്ടിയിൽ നിന്ന് വെള്ളമൊഴിച്ച് മൂന്നു വട്ടം ദർഭയ്ക്ക് മുകളിലൂടെ ഇലയിൽ വീഴ്ത്തുക. എടുത്തു വച്ചിരിക്കുന്ന പിണ്ഡം അഞ്ചായി പകുത്ത പിതൃക്കളെ സ്മരിച്ച് ദർഭയ്ക്കു മുകളിൽ സമർപ്പിക്കുക. പിണ്ഡത്തിനു മുകളിൽ മൂന്ന് പ്രാവശ്യമായി ചൂണ്ടുവിരലിലൂടെ ചുറ്റിച്ച് എള്ളും വെള്ളവും വീഴ്ത്തുക. ശേഷം തുളസിയില കൊണ്ട് മൂന്നുവട്ടം വെള്ളവും ചന്ദനവും പുഷ്പവും പിണ്ഡത്തിന് മുകളിൽ സമർപ്പിക്കുക. പൂവ് പിണ്ഡത്തിനു മുകളിൽ സമർപ്പിച്ച് എഴുന്നേറ്റ് ഇടത്തോട്ട് മൂന്ന് പ്രദക്ഷിണം ചെയ്ത് സമസ്താപരാധവും പൊറുക്കാൻ പ്രാർത്ഥിച്ച് പിതൃക്കളെ നമസ്‌കരിക്കുക. വീണ്ടും പൂവെടുത്ത് പിണ്ഡത്തിനു മുകളിൽ സമർപ്പിക്കുക. പിണ്ഡം ഇലയോടെ എടുത്ത് ജപത്തോടെ തെക്കു ഭാഗത്ത് വച്ച് കൈ നനച്ച് കൊട്ടി കാക്കയ്ക്ക് സമർപ്പിക്കുക. പവിത്രം ഊരി കെട്ടഴിച്ച് സമർപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |