മണിക്കുട്ടി എന്നാണ് സുന്ദരിയായ ഈ പുതുമുഖ നായികയുടെ പേര്. സൈജു കുറുപ്പ് നായകനായി നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം സിനിമയിൽ രണ്ടു നായികമാരിൽ ഒരാളാണ് നാലുവയസുള്ള ഹോൾെെസ്റ്റൻ ഫ്രീഷ്യൻ ( എച്ച്. എഫ് ) ഇനത്തിൽപ്പെട്ട മണിക്കുട്ടി എന്ന പശു. വെളുപ്പ് നിറത്തിൽ കറുപ്പ് പുള്ളി നിറഞ്ഞ മണിക്കുട്ടിയെ കാഞ്ഞങ്ങാട് നിന്ന് അറുപത്തി അയ്യായിരം രൂപയ്ക്ക് നിർമ്മാതാവ് വിജയൻ പള്ളിക്കര വാങ്ങുകയായിരുന്നു. ഇനിയത്തെ കഥ നൗഷാദ് സാഫ്രോൺ പറയുന്നു.
ഞങ്ങൾക്ക്
പാൽ തന്നു
ഓമനത്തമുള്ള മുഖം. മണിക്കുട്ടി എന്നു പേരിട്ടു. സ്നേഹത്തോടെയും ദൈവികമായ ഇടപെടലോടെയും അരുമയായി ഞങ്ങളോടൊപ്പം നിന്നു. ഞാൻ എന്ത് ആഗ്രഹിച്ചോ അതേപോലെ അനുസരണ കാട്ടി ക്യാമറയുടെ മുന്നിൽ നിന്നത് മനോഹരമായ കാഴ്ചയായിരുന്നു . ആർട്ട് വിഭാഗത്തിലെ ശശിയേട്ടനാണ് മണിക്കുട്ടിയെ പരിപാലിച്ചത്. ലൊക്കേഷനിൽ തൊഴുത്ത് സജ്ജമാക്കി. രണ്ടുനേരമാണ് കറവ. 12 ലിറ്റർ പാൽ തന്നു. മണിക്കുട്ടിയുടെ പാൽ ആണ് ലൊക്കേഷനിൽ ചായ ഉണ്ടാക്കിയത്. മികച്ച പാലുൽപാദനമുള്ള പശുക്കളാണ് ഹോൾെെസ്റ്റൻ ഫ്രീഷ്യൻ . കറവയിൽ പരിശീലനം നേടിയവരാണെങ്കിൽ പാലിന്റെ അളവ് കൂടുമായിരുന്നു. ഈ ഇനത്തിൽപ്പെട്ട രണ്ടു പശുക്കളെയാണ് വാങ്ങിയത്. വഴക്കില്ലാത്ത മൃദു സ്വാഭാവം കാട്ടിയത് മണിക്കുട്ടിയാണ്.
കാഞ്ഞങ്ങാട്, ചെറുവത്തൂർ ഭാഗങ്ങളിലായി 27 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. എല്ലാ ദിവസവും മണിക്കുട്ടിയുടെ സീനുണ്ട്. നാട്ടുകാരിൽ പലരും അഭിനേതാക്കളായി മാറുകയും ചെയ്തു. മണിക്കുട്ടിയെ കണ്ടപ്പോൾ മുതൽ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആർട്ട് അസോസിയേറ്റ്ഡയറക്ടർ രജീഷ് കെ. സൂര്യയുടെ കോഴിക്കോട് പയ്യോളിയിലെ വീട്ടിലുണ്ട് അവൾ . മുപ്പത്തി അയ്യായിരം രൂപയ്ക്ക് ആണ് രജീഷ് വാങ്ങിയത്.ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. പുതുമുഖം ഐശ്വര്യ മിഥുൻ ആണ് സൈജുവിന്റെ നായിക.മണിക്കുട്ടി അബുവിന്റെ വീട്ടിലെ ഒരു അംഗമായി മാറുന്നു. വടക്കൻ കേരളത്തിൽ നിലനിൽക്കുന്ന പൊറാട്ട് നാടകം എന്ന കലാരൂപത്തിന്റെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യമായാണ് സിനിമ ഒരുങ്ങുന്നത്.
അകാലത്തിൽ വിടപറഞ്ഞ ചിരിയുടെ സുൽത്താനായ മലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന്റെ ശിഷ്യനാണ് നൗഷാദ് സാഫ്രോൺ. സിദ്ദിഖിന്റെ മേൽനോട്ടത്തിൽ ചിത്രീകരിച്ച പൊറാട്ട് നാടകം അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 9ന് റിലീസ് ചെയ്യും . സ്നേഹനിധിയായ പ്രിയപ്പെട്ട ഗുരുവിന് ശിഷ്യൻ നൽകുന്ന സമർപ്പണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |