മെഡിക്കൽ കോളേജ് വരാന്തയിലൂടെ ഡോക്ടർ കുപ്പായമണിഞ്ഞ് നടന്നപ്പോൾ ജോലിയുടെ പ്രൗഢിയും പെരുമയും അദ്ദേഹത്തിന്റെ മനസിളക്കിയില്ല. നിസ്വാർത്ഥ സേവനം ജീവിതവ്രതമാക്കി. അരനൂറ്റാണ്ടിലേറെയായി വൈദ്യശാസ്ത്രരംഗത്ത് നിസ്തുല സംഭാവനകൾ നല്കിയ ന്യൂറോളജിസ്റ്റ് പ്രൊഫ. ഡോ. ഷാജി പ്രഭാകരൻ കേരളകൗമുദിയോട് സംസാരിക്കുന്നു:
ഡോക്ടറാകാൻ കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നോ?
ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ല. സമൂഹത്തെ ഏതെങ്കിലും വിധത്തിൽ സേവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മയ്യനാട് ജനിച്ച എനിക്ക് പണ്ടുമുതൽ ഒരു ജനകീയ പരിവേഷമുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പ്രൊഫസറും പ്രിൻസിപ്പലുമൊക്കെ ആയപ്പോൾ പോലും ഇതിനപ്പുറം ഒരാഗ്രഹമുണ്ടായിട്ടില്ല. എന്റെ വിദ്യാർത്ഥികളായ എട്ടുപേർ ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് സർവീസിലുണ്ട്. ജോലിയുടെ ശക്തിയും ബലഹീനതകളും അവർ പറയും. ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്നാണ് വിശ്വാസം.
വൈദ്യശാസ്ത്ര രംഗത്ത് അരനൂറ്റാണ്ടു പിന്നിട്ടു. ചെറിയ കാലയളവല്ലല്ലോ?
ചെറിയ കാലമാണെന്നാണ് ഞാൻ കരുതുന്നത്. ഇനിയും ചെയ്തുതീർക്കാൻ ഒരുപാടുണ്ട്. തിരുവനന്തപുരത്തെ പ്രശസ്ത അഭിഭാഷകനായിരുന്ന അയ്യപ്പൻപിള്ള ചേട്ടനെ 106-ാം വയസിലും ചികിത്സിച്ചിട്ടുണ്ട്. അത്ര പ്രായമൊന്നും എനിക്ക് ആയിട്ടില്ലല്ലോ. തിരിഞ്ഞുനോക്കുമ്പോൾ പൂർണ തൃപ്തനാണ്. 120 രോഗികളെ വരെ ചികിത്സിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽപ്പോലും മടുപ്പോ ക്ഷീണമോ തോന്നിയില്ല.
എന്തുകൊണ്ട് ന്യൂറോളജി തിരഞ്ഞെടുത്തു?
പീഡിയാട്രീഷ്യനാകാനായിരുന്നു ആഗ്രഹം. എന്നാൽ, അന്ന് എന്റെ കൊമ്പൻ മീശ കണ്ട് കുഞ്ഞുങ്ങൾ കരഞ്ഞു. വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിക്കാത്ത കാലം. ശിശുമരണങ്ങൾ താങ്ങാനുള്ള കരുത്തില്ലായിരുന്നു. ആർ.സി.സി പ്രഥമ ഡയറക്ടറായിരുന്ന എം.കൃഷ്ണൻ നായർക്ക് എന്നെയൊരു ഓങ്കോളജിസ്റ്റാക്കാനായിരുന്നു മോഹം. ന്യൂറോളജി പഠിച്ചെടുക്കാൻ പ്രയാസമാണ്. കഥപോലെ പഠിച്ചെടുക്കാനാണ് വിദ്യാർത്ഥികൾ ശ്രമിക്കേണ്ടത്. കുറേപ്പേർ ന്യൂറോളജിയിലേക്ക് വരാനും ഞാൻ കാരണമായെന്നതിൽ സന്തോഷമുണ്ട്.
ജീവിതം പഠിക്കാൻ ആശുപത്രികളിൽ കുറച്ചുനേരം നിന്നാൽ മതിയെന്ന് പറയാറുണ്ട്...
വാസ്തവമാണ്. ഞാനെന്ന ഭാവം ഇല്ലാതാകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈസ് പ്രിൻസിപ്പലായിരുന്ന കാലം. അന്ന് പൂന്തുറയിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായി. വെട്ടേറ്റ കുറച്ചുപേരെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നു.
അതിലൊരാളുടെ ഭാര്യ കുഞ്ഞിനെ ഒക്കത്തെടുത്തു വന്ന് പൊട്ടിക്കരയാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന, അമ്മയുടെ പ്രായമുള്ളൊരു സ്ത്രീ അവരെ ആശ്വസിപ്പിച്ചതിങ്ങനെ...: 'നീ കരയണ്ട. ആലോചിച്ചാൽ ഒരു അന്തവുമില്ല. ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല...!" വലിയ വിദ്യാഭ്യാസമില്ലാത്ത അവർ വേദനാജനകമായ ആ സന്ദർഭത്തിൽ തത്വചിന്താപരമായി ചിന്തിച്ചതും അവരുടെ പ്രായോഗികബുദ്ധിയും എന്നെ അത്ഭുതപ്പെടുത്തി. ആ അനുഭവങ്ങൾ എന്നിലെ ഡോക്ടറെയും വ്യക്തിയെയും പരുവപ്പെടുത്തി.
രോഗികളുടെ ദുഃഖം സ്വന്തം ദുഃഖമായി മാറാറുണ്ടോ?
ഒരാൾ ചികിത്സയ്ക്കെത്തുമ്പോൾ ആദ്യം ചിന്തിക്കുന്നത്, എനിക്കാണ് അസുഖം വരുന്നതെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്നാണ്. അപ്പോൾ കുറേക്കൂടി നീതിയും അനുകമ്പയും പുലർത്താനാകും. ആർ.സി.സിയുടെ പിന്നിൽ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ക്രാബ് എന്ന സംഘടനയുടെ രക്ഷാധികാരിയാണ്.
സ്യൂഡോസയൻസിനെതിരെ എങ്ങനെ അവബോധം സൃഷ്ടിക്കാം?
ഇപ്പോഴത്തെ വിദ്യാഭ്യാസ പദ്ധതികളിൽ അതിനെക്കുറിച്ച് വ്യക്തതയില്ല. ശാസ്ത്രാവബോധം ചെറുപ്പം മുതൽ വളർത്തിയെടുക്കണം. വിവാഹം കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ വിളക്കു കൊളുത്തുന്ന പതിവില്ലെന്നറിഞ്ഞ ഭാര്യ അതിശയിച്ചു. അങ്ങനെയൊരു സംസ്കാരത്തിലാണ് ഞാൻ വളർന്നത്. ദൈവദശകം ചൊല്ലാറുണ്ട്. അതിലൂടെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് ലഭിക്കുന്നത്. ദൈവത്തിന് നിവേദനങ്ങൾ സമർപ്പിക്കാറില്ല. ശാസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസമാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ഒരാളുടെ വിശ്വാസം അയാളുടെ തലച്ചോറാണ്. മതമോ ജാതിയോ അതിനു മാനദണ്ഡമല്ല. മനുഷ്യനിലുള്ള നല്ല വശങ്ങൾ കണ്ടെത്തുന്നതാണ് യഥാർത്ഥ ശാസ്ത്രാവബോധം. അറിവല്ല, സാമാന്യബോധമാണ് വേണ്ടത്.
കേരളത്തിന്റെ ആരോഗ്യമേഖല പൂർണത കൈവരിച്ചോ?
അനുദിനം പരീക്ഷണത്തിനും നിരീക്ഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നതാണ് ശാസ്ത്രം. പൂർണതയിലേക്കുള്ള യാത്രയിലാണ് നാം. ഇപ്പോൾ എൺപതുകാരനും ഇരുപതിന്റെ ചുറുചുറുക്കാണ്. അത് വൈദ്യരംഗത്തെ പുരോഗതികൊണ്ടാണ്. കുറച്ചുനാളുകൾക്കു ശേഷം ഇപ്പോൾ കാണുന്ന വിധത്തിലാവില്ല മരണമെന്ന പ്രതിഭാസം പോലും.
കുടുംബവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാനായി...
കുടുംബമാണ് ശക്തി. ഭാര്യ ഡോ. സൽമ. ഏകമകൻ ഡോ. നകുൽ ഷാജി. മരുമകൾ ദിവ്യ. ചെറുമകൾ റിയ.
ഇപ്പോഴും വിദ്യാർത്ഥിയാണ്?
തിരക്കുകൾക്കിടയിലും വായനയ്ക്കും പുതിയ വിഷയങ്ങൾ പഠിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
വേദങ്ങളും ഉപനിഷത്തുകളും പഠിച്ചു. ആയുഷ്സ്പന്ദനം എന്ന മാസികയിൽ പേട്രൺ ആണ്. ദൈവദശകം ഇംഗ്ലീഷിലെഴുതി. കാഴ്ചപ്പാടുകൾ, ന്യൂറോ സംവാദം, ചിന്തകൾ, വിവക്ഷ, കവിതാ ശ്ളോക മഞ്ജരി, ആസ്തികത തുടങ്ങി പതിനാറോളം പുസ്തകങ്ങളെഴുതി. മരിക്കുന്നതുവരെ ചികിത്സിക്കണമെന്നാണ് മോഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |