മലയാളിയുടെ ഉത്സവരാവുകളെ കഥപറഞ്ഞ് ഭാവസാന്ദ്രമാക്കുകയും പുരോഗമന നിലപാടുകളിലൂടെ നവോത്ഥാനത്തിന്റെ പതാക വാഹകരാകുകയും ചെയ്ത കലാകാരന്മാരാണ് കഥാപ്രസംഗകർ. കഥാപ്രസംഗ കലയുടെ പ്രയോക്താക്കളിൽ മൗലികമായ അവതരണ ശൈലികൊണ്ട് തിളങ്ങുന്ന അദ്ധ്യായമായി മാറിയ തേവർതോട്ടം സുകുമാരന്റെ വിയോഗത്തിന് ഒരു വർഷം (മരണം: 2023 ജൂലായ് 27). കൊല്ലം ജില്ലയിലെ പുനലൂരിൽ അറയ്ക്കൽ വില്ലേജിലെ തേവർതോട്ടം ഗ്രാമത്തിൽ പുരാതനമായ ക്ലാവോട്ട് കുടുംബത്തിൽ 1941 മാർച്ചിലാണ് സുകുമാരന്റെ ജനനം. പതിനഞ്ചാം വയസിൽ, സർദാർ കെ.എം. പണിക്കരുടെ അംബപാലി എന്ന കഥയെ ആസ്പദമാക്കി സ്കൂൾ വാർഷികത്തിന് ആദ്യ കഥാവതരണം.
1959 ൽ 'മുത്തുക്കുടം" (കാവാലം വിശ്വനാഥപ്പണിക്കർ) 'മാമ്പഴം" (വൈലോപ്പിളളി ) എന്നീ കഥകൾ വിവിധ വേദികളിൽ അവതരിപ്പിച്ചു. 1966-ലും1969-ലും കുടുംബാസൂത്രണ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച കഥാപ്രസംഗകനായി. സ്വന്തമായി കഥയും കവിതയും ചിട്ടപ്പെടുത്തിയ 'താമസിച്ചു വന്ന ദൈവം", 'ഒരുപോസ്റ്റ്മാന്റെ കഥ" എന്നീ കഥകൾ കേരളത്തിലുടനീളം 1500-ലധികം വേദികളിൽ അവതരിപ്പിച്ചു.1985ൽ കേരളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ ആദ്യ കാഥികനായി. ചൂതാട്ടം, ഇതിഹാസം, വേഗത പോരാപോരാ, രക്തസാക്ഷി, രാവണപുത്രി, ചണ്ഡാലഭിക്ഷുകി, വത്സല എന്നീ കഥകൾ സംപ്രേഷണം ചെയ്തു.
അയ്യനേത്തിന്റെ 'വേഗത പോരാ പോരാ" എന്ന നോവലിന്റെ കഥാപ്രസംഗാവിഷ്കാരം കണ്ട് വൈക്കം ചന്ദ്രശേഖരൻ നായർ പറഞ്ഞു: ' സുകുമാരാ, ഇത് തീയാണ്! കത്തിപ്പടരും." നാലായിരത്തോളം വേദികളിൽ ആ കഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ അവസാന വേദിയായ തിരുവനന്തപുരം ഗാന്ധി പാർക്കിൽ 2017ൽ അവതരിപ്പിച്ചപ്പോഴും സദസ് ഹർഷാതിരേകത്തോടെയാണ് ആ കഥ സ്വീകരിച്ചത്. ഉറുദു സാഹിത്യകാരൻ അലിം മസ്രൂറിന്റെ 'വളരെ താമസിച്ചുപോയി" എന്ന കൃതിയും തേവർതോട്ടത്തിന്റെ കഥാപ്രസംഗമായി.
കയ്യൂർ സമരം ആസ്പദമാക്കി കന്നട എഴുത്തുകാരൻ നിരഞ്ജനയുടെ 'ചിരസ്മരണ" കാസർകോട് ചീമേനിയിൽ അവതരിപ്പിക്കുമ്പോൾ കഴുമരത്തിലേക്ക് മുദ്രാവാക്യങ്ങളോടെ പോകുന്ന സഖാക്കളെ അവതരിപ്പിച്ചപ്പോൾ സദസ് മുദ്രാവാക്യമുയർത്തി അണിചേർന്നത് കാഥിക ജീവിതത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നായി തേവർതോട്ടം എന്നും മനസിൽ സൂക്ഷിച്ചു. അദ്ധ്വാനവർഗത്തിന്റെ കഥ പറയുന്ന ടി.കെ. രാമകൃഷ്ണന്റെ നോവലായ 'കല്ലിലെ തീപ്പൊരികൾ" തേവർതോട്ടം കഥാപ്രസംഗമായി അവതരിപ്പിച്ചിട്ടുണ്ട്. യശഃശരീരനായ കഥാപ്രസംഗ സമ്രാട്ട് വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവർക്കൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സംഘടനാ സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്ഠിച്ചു. പുഴയോരത്തൊരു പൂജാരി (1986) അച്ചുവേട്ടന്റെ വീട് (1987) എന്നീ സിനിമകളിൽ അഭിനയിച്ചു.
മഗ്ദലന മറിയം, തിരുശേഷിപ്പ് , ചെങ്കോലും ചെന്താമരയും, ചണ്ഡാലഭിക്ഷുകി , ദുരവസ്ഥ, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ, ഏകാന്തതയുടെ നൂറു വർഷങ്ങൾ, വെളുത്ത രക്തം, മനുഷ്യമൃഗം, ഉമ്മിണിത്തങ്ക, നീലക്കടമ്പ്, ശ്രീനാരായണ ഗുരുദേവൻ തുടങ്ങിയവ ഉൾപ്പെടെ മുപ്പത്തേഴോളം കഥകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി പുരസ്കാരത്തിനും ഫെലോഷിപ്പിനും പുറമേ വി. സാംബശിവൻ പുരസ്കാരം, യുവകലാ സാഹിതി പുരസ്കാരം, ബാലതരംഗം സാംസ്കാരിക വേദി പുരസ്കാരം, കടയ്ക്കോട് വിശ്വംഭരൻ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കെ. സുരുചിയാണ് തേവർതോട്ടത്തിന്റെ ഭാര്യ. ഡോ. ഫിലോമിന, പ്രമീള, പ്രിയംവദ, പ്രതാപ് തേവർതോട്ടം എന്നിവരാണ് മക്കൾ.
(തേവർതോട്ടം സുകുമാരന്റെ പുത്രനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസി.പ്രൊഫസർ കൂടിയായ ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |