ചൂട് പോയാലും സോഫ്റ്റായിരിക്കുന്ന ചപ്പാത്തി വീട്ടിൽ തയ്യാറാക്കിയാലോ? ഏത് കറിയോടൊപ്പവും കഴിക്കാൻ പറ്റുന്ന ചപ്പാത്തി ഇനി മിനിട്ടുകൾക്കുളളിൽ തയ്യാറാക്കാം. ഏത് സമയത്തും സ്വാദോടെ കഴിക്കാൻ സാധിക്കുന്ന ചപ്പാത്തി തയ്യാറാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് മാവ്, ഉപ്പ്, വെളിച്ചെണ്ണ, വെളളം
തയ്യാറാക്കേണ്ട രീതി
ചപ്പാത്തി തയ്യാറാക്കാനായി ഒരു കപ്പ് ഗോതമ്പ് മാവെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഗോതമ്പ് മാവും മുക്കാൽ ടീസ്‌പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെളളം ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതിനെ ചെറിയ തീയിൽ തിളപ്പിച്ചെടുക്കുക. മാവ് കട്ടപിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ തിളപ്പിച്ചെടുത്ത വെളളത്തിലേക്ക് മുൻപ് മാറ്റിവച്ചിരിക്കുന്ന ഒരു കപ്പ് ഗോതമ്പ് മാവ് ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ശേഷം മാവിനെ ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. മാവിന് അധികം കനമില്ലാത്ത തരത്തിലാണ് പരത്തിയെടുക്കേണ്ടത്. ഇതിനെ പാനിലോ അല്ലെങ്കിൽ ദോശകല്ലിലോ വച്ച് പാകം ചെയ്തെടുക്കാം. പത്ത് സെക്കന്റുകൾ ഇടവിട്ട് ചപ്പാത്തി തിരിച്ചും മറിച്ചും ഇടാൻ മറക്കരുത്. താൽപര്യമുളളവർക്ക് ഇതിലേക്ക് അൽപം നെയ്യോ വെളിച്ചെണ്ണയോ പുരട്ടാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയെടുക്കുന്ന ചപ്പാത്തിയുടെ ചൂട് പോയാലും മൃദുത്വം നഷ്ടപ്പെടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |