വയനാട്: ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ഇന്നും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പവും രാഹുൽ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. ചൂരൽമലയിലെ ഫോറസ്റ്റ് ഓഫീസിൽ വച്ചായിരുന്നു ചർച്ച. ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ച് നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാദ്ധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണ്', രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുലിനോട് സുബൈദയും ഉമ്മ നബീസയും സങ്കടം അറിയിച്ചിരുന്നു. ഉരുൾപൊട്ടലിൽ അവർക്ക് വേണ്ടപ്പെട്ടതെല്ലാം നഷ്‌ടപ്പെട്ടിരുന്നു. കൊച്ചുമകൾ ഫിദാ ഫാത്തിമയുടെ വിവാഹവും നടക്കാതെ പോയി. ഇനി സങ്കടപ്പെടണ്ടെന്നും ഫിദയുടെ വിവാഹം നടത്തി നൽകുമെന്നും വീട് നിർമിക്കാമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആ ഉറപ്പ് ഏറ്റെടുക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |