ആസിഫ് അലി നായകനായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ചിത്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എ. ഐ) അഥവാ നിർമ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മമ്മൂട്ടി എത്തുന്നു .
എൺപതുകളിൽ മമ്മൂട്ടി നായകനായി ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിന്റെ കാലത്ത് നടന്ന കഥയാണ് രേഖാചിത്രത്തിന്റെ പ്രമേയം. ഇൗ രംഗങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പുനഃസൃഷ്ടിക്കുന്നത്. കാതോടു കാതോരത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ലൂയിസ് എന്ന കഥാപാത്രം വീണ്ടും വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം ദേവദൂതർ പാടി എന്ന ഗാനത്തിന്റെ റീമിക്സും ഉൾപ്പെടുത്തുന്നുണ്ട്. ഒൗസേപ്പച്ചൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് കാതോട് കാതോരം. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇതാദ്യമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എത്തുന്നത്. കമൽഹാസൻ നായകനായി ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ൽ മൺമറഞ്ഞ നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെ എ.ഐ സഹായത്തോടെ അവതരിപ്പിച്ചിരുന്നു. എ.ഐ, സി.ജി.ഐ, ബോഡി ഡബിൾസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവരെ വീണ്ടും അവതരിപ്പിച്ചത്.അതേസമയം മമ്മൂട്ടിയെ നായകനാക്കി ദ പ്രീസ്റ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് രേഖാചിത്രം. അനശ്വര രാജൻ, ഭാമ അരുൺ, സെറിൻ ശിഹാബ് എന്നിവരാണ് നായികമാർ. മനോജ് കെ. ജയൻ ആണ് മറ്റൊരു പ്രധാന താരം. ജോഫിൻ ടി. ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം : ഷമീർ മുഹമ്മദ്, വസ്‌ത്രാലങ്കാരം സമീറ സനീഷ്, മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങൾക്കും റിലീസിന് ഒരുങ്ങുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |