നെടുമ്പാശേരി: വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മാള കുന്നിശേരി കൊടിയൻ വീട്ടിൽ ജോമോൻ ദേവസിയെ (37) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. അകപ്പറമ്പ് സ്വദേശി ജിപ്പു വർക്കിയുടെ വീട്ടിൽ നിന്ന് ഒരുലക്ഷത്തിലേറെ രൂപയാണ് മോഷ്ടിച്ചത്.
വീടിന്റെ ജനലഴിക്കിടയിലൂടെ തോട്ടി കടത്തി ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നു. മൂന്ന് മുറികളിലെ അലമാരകളിൽ സൂക്ഷിച്ച പണം മോഷ്ടിക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ ഇയാളെ മാളയിൽ നിന്ന് പിടികൂടി. പ്രതിക്കെതിരെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നാലും പാലാരിവട്ടം സ്റ്റേഷനിൽ രണ്ടും മോഷണക്കേസുണ്ട്. മോഷ്ടിച്ച സ്വർണം പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
25,000 രൂപയുടെ ലോട്ടറിയെടുത്തു
മോഷ്ടിച്ച ഒരു ലക്ഷം രൂപയിൽ ഇരുപതിനായിരം രൂപ ലോട്ടറി ടിക്കറ്റെടുത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. പകൽ വീടുകൾ കണ്ടു വയ്ക്കും. ആൾത്താമസമുള്ള വീടുകളാണ് കണ്ടുവയ്ക്കുന്നത്. വൈകിട്ടോടെ വീടിനു സമീപത്തുള്ള ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒളിച്ചിരിക്കും. രാത്രി വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയശേഷം ജനൽ വഴി അകത്തു കയറും.
ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ സാബുജി മാസ്, എസ്.ഐമാരായ എം.സി. ഹരിഷ്, ജെ.എസ്. ശ്രീജു, എ.എസ് ഐ റോണി അഗസ്റ്റിൻ, സി.പി.ഒ.മാരായ ഗയോസ് പീറ്റർ, ഇ.എസ്. സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |