മൂന്നാർ: 17കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 27 വർഷം കഠിനതടവും 1.4 ലക്ഷം രൂപ പിഴയും രണ്ടാം പ്രതിയ്ക്ക് 10 വർഷവും മൂന്നു മാസവും കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി തേനി ബോഡിനായ്ക്കന്നൂർ നന്നാവന തെരുവിൽ രവീന്ദ്രനെയും (34) രണ്ടാംപ്രതി പൂപ്പാറ കരയിൽ മൂലത്തറ ഭാഗത്ത് സതീഷ് എന്ന രജേഷിനെയുമാണ് (29) ശിക്ഷിച്ചത്. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് പോക്‌സോ ജഡ്ജ് എം.ഐ. ജോൺസണാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യ ഒന്നാം പ്രതി അടയ്ക്കാതിരുന്നാൽ എട്ടു മാസം അധികം കഠിനതടവും രണ്ടാംപ്രതി അടയ്ക്കാതിരുന്നാൽ നാലുമാസം അധിക കഠിന തടവും അനുഭവിക്കണം. പിഴസംഖ്യ പ്രതികൾ അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിട്ടിയുടെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി. ഒന്നാം പ്രതിയെ പോക്‌സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും വിവിധ വകുപ്പുകൾ പ്രകാരവും രണ്ടാം പ്രതിയെ ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കോടതി ശിക്ഷിച്ചത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി രവീന്ദ്രന്റെ നിർദ്ദേശാനുസരണം രണ്ടാംപ്രതി സതീഷ് എന്ന രജേഷ് 2020 ഒക്ടോബർ ആറിന് രാവിലെ പെൺകുട്ടി താമസിക്കുന്ന പൂപ്പാറ മൂലത്തറയിലുള്ള വീട്ടിലെത്തി മറ്റാരും ഇല്ലാതിരുന്ന അവസരത്തിൽ പെൺകുട്ടിയെ മർദ്ദിച്ച് പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്തു. തുടർന്ന് മൂന്നാം പ്രതിയുടെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി ബോഡിമേട്ടിൽ എത്തിച്ച് ഒന്നാം പ്രതിക്ക് കൈമാറി. തുടർന്ന് ഒന്നാംപ്രതി പെൺകുട്ടിയെ ചെന്നൈയിലേക്കും മധുരയിലേക്കും കടത്തിക്കൊണ്ടു പോയി. മധുരയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് ഒരു മാസത്തിനുശേഷം പെൺകുട്ടിയെയും ഒന്നാം പ്രതിയെയും രാജാക്കാട് പൊലീസ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. രണ്ടും മൂന്നും പ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്നാംപ്രതിയെ കോടതി സംശയത്തിന്റെ അനുകൂല്യത്തിൽ വിട്ടയച്ചു. രാജാക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എസ്. ജയൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |