നേമം: ഒരു കാലത്ത് ആളുകൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഉപയോഗിച്ചിരുന്ന 'മാമാട്ടിക്കുട്ടിയമ്മ' കുളിച്ച കുളം എന്നറിയപ്പെടുന്ന പള്ളിച്ചൽ പഞ്ചായത്തിലെ ചിറക്കുളം കാടുകയറിയും മാലിന്യങ്ങളാലും നിറഞ്ഞു. പഞ്ചായത്തും തിരിഞ്ഞുനോക്കാത്തതിനാൽ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളാനുള്ള ഇടവുമായി ഈ ജലസ്രോതസ്. കടുത്ത വേനലിൽ പോലും വെള്ളം വറ്റാത്ത കുളമായിരുന്നു ഇത്. 'മാമാട്ടിക്കുട്ടിയമ്മ' എന്ന സിനിമ ചിത്രീകരിച്ചതിനാലാണ് ഈ കുളത്തിന് ഇങ്ങനെയൊരു പേരുകൂടി വന്നത്.
നവീകരണം പാളി
പലതവണ കുളം നവീകരിക്കാൻ പള്ളിച്ചൽ പഞ്ചായത്ത് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കുളം നവീകരിക്കാൻ ടെൻഡർ നൽകിയെങ്കിലും കരാറുകാർ പണി പാതിയിലിട്ടിട്ടുപോയി. പിന്നീട് തൊഴിലുറപ്പുകാർ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഏറ്റവും ഒടുവിൽ കരാറെടുത്തയാൾ കുളത്തിന്റെ നാലുചുറ്റും നിന്ന മരങ്ങൾ വെട്ടി കുളത്തിലേക്കിട്ടു. ഇവ പിന്നീട് കരയ്ക്കെടുക്കാൻ കഴിയാതെ വന്നതോടെ കരാർ ഉപേക്ഷിച്ചുപോയി. കല്ലിയൂർ,പള്ളിച്ചൽ എന്നീ രണ്ടു പഞ്ചായത്തുകൾ അതിരു പങ്കിടുന്നുണ്ടെങ്കിലും പള്ളിച്ചലിനാണ് കുളത്തിന്റെ പരിപാലനച്ചുമതല. നെയ്യാർ ഡാമിൽ നിന്നുള്ള കനാലിന്റെ ഒരു കൈത്തോട് കുളത്തിലുമെത്തുന്നുണ്ട്. കുളം വെള്ളം നിറയ്ക്കുകയും ആവശ്യാനുസരണം കൃഷിക്കായി തുറന്നു വിടുകയും ചെയ്തിരുന്നവർ ഇന്നില്ല.
'മാമാട്ടിക്കുട്ടിയമ്മ' കുളിച്ച കുളം
ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബേബി ശാലിനി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1983ൽ പുറത്തിറങ്ങിയ 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യിലെ ചില സീനുകൾ ഈ കുളത്തിലാണ് ചിത്രീകരിച്ചത്. സിനിമയിൽ പൂർണിമ ജയറാം ബേബി ശാലിനിയെ കുളിപ്പിക്കുന്നതും ശേഷമുളള സീനുകളുമാണ് ഇവിടെ ചിത്രീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |