SignIn
Kerala Kaumudi Online
Monday, 16 September 2024 2.10 AM IST

മഴകൊണ്ടുപോയ കർഷകന്റെ ഓണക്കാല സ്വപ്നങ്ങൾ

Increase Font Size Decrease Font Size Print Page
rain

മാസങ്ങൾ നീണ്ട വരൾച്ചയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായി എത്തിയ അതിതീവ്ര മഴയിൽ അടിതെറ്റി പാലക്കാട്ടെ പച്ചക്കറി കർഷകർ. ജില്ലയിലെ കൊല്ലങ്കോട്, എലവഞ്ചേരി, വിത്തിനശേരി,​ നെന്മാറ, പല്ലശ്ശന, വടവന്നൂർ, മുതലമട, അയിലൂർ തുടങ്ങിയ ​മലയോര പ്രദേശങ്ങളിലും ചിറ്റൂർ,​ വടകരപ്പതി,​ എരുത്തേമ്പതി,​ നല്ലേപ്പിള്ളി തുടങ്ങിയ മഴനിഴൽ പ്രദേശങ്ങളിലുമായി ഹെക്ടർ കണക്കിന് പച്ചക്കറി കൃഷിയാണ് നിലംപൊത്തിയത്. കാലവർഷത്തിനൊപ്പം ഒഴുകിപ്പോയത് കർഷകരുടെ ഓണക്കാല സ്വപ്നങ്ങൾ കൂടിയാണ്.

മഴക്കെടുതിയിൽ ജൂലായിൽ മാത്രം ജില്ലയിലാകെ 2549 കർഷകർകരുടെ 605.5 ഹെക്ടർ കൃഷി നശിച്ചു. 13.58 കോടി രൂപ നഷ്ടം കണക്കാക്കുന്നു. ഏറ്റവും കൂടുതൽ നശിച്ചത് വാഴത്തോട്ടങ്ങളാണ്. അടയ്ക്ക, റബർ, പന്തലിട്ട് കൃഷി ചെയ്യുന്ന പച്ചക്കറികൾ എന്നിവയും പൂർണമായും നശിച്ചിട്ടുണ്ട്. അട്ടപ്പാടി ബ്ലോക്കിലാണ് കൂടുതൽ നഷ്ടം റിപ്പോർട്ട് ചെയ്തതെന്ന് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസ് അധികൃതർ പറഞ്ഞു. കനത്ത മഴയിൽ ജില്ലയിൽ മൊത്തം 211.64 ഹെക്ടർ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്. 836 കർഷകർക്ക് നാശനഷ്ടം സംഭവിച്ചു. ആകെ 340.96 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ മേയ് ഒന്നുമുതൽ ജൂൺ വരെ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. ഈ രണ്ടു മാസങ്ങളിലായി ഏകദേശം 70,988 ഹെക്ടറിലായി 835 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. ഇതിനു തൊട്ടുമുമ്പുണ്ടായ വരൾച്ചയിലും വേനൽ മഴയിലുമായി 500 കോടിയുടെ കൃഷിനാശവുമുണ്ടായിരുന്നു. ഇതിന് പുറമേ കാലവർഷക്കെടുതിയും കൂടിയായതോടെ ഓണക്കാലത്തും കേരളത്തിൽ പച്ചക്കറിക്ഷാമവും വിലക്കയറ്റവും ഉണ്ടാകുമെന്ന് ഉറപ്പായി.

വില്ലനായി വെള്ളക്കെട്ട്

ഓണവിപണി ലക്ഷ്യമിട്ട് വിളവിറക്കിയ പച്ചക്കറിപ്പാടത്ത് വില്ലനായി വെള്ളക്കെട്ട്. ആർത്തലച്ചു പെയ്യുന്ന മഴ, നിരന്തരമായ വന്യമൃഗശല്യം, തൊഴിലാളി ക്ഷാമം. ഇത്തവണ ഓണം വിളവെടുപ്പ് കർഷകർക്കു കണ്ണീർക്കൊയ്ത്താവുമെന്ന് ഉറപ്പ്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ ഉപജീവനത്തിനുള്ള വരുമാനം പോലും ലഭിക്കാത്ത സ്ഥിതിയിലാണ്. കഴിഞ്ഞവർഷം ഓണം സീസണിൽ 268 ടൺ പച്ചക്കറി വിളയിച്ച് 81 ലക്ഷം രൂപയിലേറെ വിറ്റുവരവു നേടിയതാണ് വിത്തിനശേരിയിലെ കർഷകർ. നെന്മാറ, എലവഞ്ചേരി, എരുത്തേമ്പതി, കോട്ടായി, പെരുമാട്ടി, അയിലൂർ, മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല.

കഴിഞ്ഞ ഒരാഴ്ചയായി തോരാതെ പെയ്ത മഴയിൽ പല കർഷകരുടെയും പന്തലുകൾ വെള്ളക്കെട്ടിലായി.

വിളവും വിലയും മെച്ചമായിട്ടുള്ള ഈ വർഷം മേഖലയിൽ പച്ചക്കറി വിളവെടുപ്പ് സജീവമായി തുടരുന്നതിനിടെയാണ് മഴ വില്ലനായത്. ഇതോടെ ആശങ്കയിലാണ് നൂറുകണക്കിന് കർഷകർ.

നിലവിൽ പാവലിന് കിലോയ്ക്ക് അൻപതു രൂപവരെയും പടവലത്തിന് ഇരുപത്തഞ്ച് രൂപവരെയും വിപണിയിൽ വിലയുണ്ടെന്ന് കർഷകർ പറയുന്നു. ഈ ആകർഷക വില ഓണക്കാലംവരെ കിട്ടുമെന്ന പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇതോടെ ഏക്കറിന് അരലക്ഷം മുതൽ ഒരുലക്ഷംവരെ രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.

ജില്ലയിൽ ഏറ്റവുംകൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന എലവഞ്ചേരിയിലെ പനങ്ങാട്ടിരി സമിതിയിൽ മാത്രം മഴക്കെടുതിമൂലം ഒരുകോടി രൂപയുടെയെങ്കിലും നഷ്ടം ഉണ്ടാകുമെന്ന് സമിതി പ്രസിഡന്റ് പറയുന്നു. വിള ഇൻഷ്വറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് ആകെയുള്ള ആശ്വസം. കാലവർഷക്കെടുതി കണക്കിലെടുത്ത് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം. നാടിനാകെ നല്ല നാടൻ പച്ചക്കറികൾ നൽകുന്ന ഒട്ടേറെ ഗ്രാമങ്ങൾ പാലക്കാട് ജില്ലയിലുണ്ട്. അൽപം കൂടി സഹായം കേന്ദ്ര - സംസ്ഥാന സർക്കാരുടെ ഭാഗത്തു നിന്നു ലഭിച്ചാൽ ഇനിയും ഉണർവ്വോടെ മേഖലയിൽ പച്ചക്കറി കൃഷി സജീവമാക്കാമെന്ന് കർഷകർ പറയുന്നു. വിളകൾക്ക് നല്ല വിലകിട്ടുന്ന കാലം പ്രതീക്ഷിച്ച് കഴിയുകയാണവർ.

പൊന്നുംവിളയും വടകരപ്പതിയിൽ

മഴനിഴൽ പ്രദേശമായിട്ടുപോലും കുഴൽക്കിണറിലെ വെള്ളം കൊണ്ടു പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുക്കുന്ന കർഷകരുള്ള ഗ്രാമമാണ് ചിറ്റൂർ താലൂക്കിലെ വടകരപ്പതി. അധികാരികൾ വേണ്ടത്ര ശ്രദ്ധ നൽകാത്തതുകൊണ്ടോ ഇടനിലക്കാരുടെ ചൂഷണംകൊണ്ടോ നാടിന്റെ പച്ചക്കറി പെരുമ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. 20 സംഘങ്ങളിലായി 400 കുടുംബങ്ങളാണ് 400 ഏക്കറിലധികം വരുന്ന സ്ഥലത്ത് പച്ചക്കറിയിൽ സജീവമായിട്ടുള്ളത്. തക്കാളി, വെണ്ട, വഴുതന, മുളക്, പയർ, മത്തൻ, കുമ്പളങ്ങ, പാവൽ, പടവലം, പീച്ചിങ്ങ എന്നിവയാണു പ്രധാനം. വേലന്താവളവും തമിഴ്നാട്ടിലെ വിവിധ മാർക്കറ്റുകളുമാണു വിപണി. ആഴ്ചയിൽ 2 തവണ വിളവെടുക്കുന്ന പച്ചക്കറി അടുത്ത ദിവസത്തേക്ക് എടുത്തുവയ്ക്കാൻ കഴിയില്ലെന്ന സാഹചര്യം മുതലെടുത്ത് ഇടനിലക്കാർ ചൂഷണം ചെയ്യുന്നതായി കർഷകർ കുറ്റപ്പെടുത്തുന്നു.

വിത്തനശ്ശേരിയുടെ വിത്തുഗുണം

മലയോര മേഖലയായ നെന്മാറയും അയിലൂരും പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ചവരാണ്. നെന്മാറ പഞ്ചായത്തിൽ വിത്തനശേരിയാണ് പച്ചക്കറി കൃഷിയുടെ പ്രധാന വിളനിലം. കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ അയിലൂരിൽ മാത്രം 200 ഏക്കർ പച്ചക്കറിപ്പന്തലുകൾ നിലംപതിച്ചു. അയിലൂരിൽ 125 ഹെക്ടർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യാറുള്ളത്. പ്രധാനമായും പാളിയമംഗലത്താണ് കൂടുതൽ ഉത്പാദനം. പടവലവും പാവലുമാണ് ഇവിടെ നിന്നു വിപണിയിലെത്തിക്കുന്നത്.

അയ്യംകുളം പെരുമ

കോട്ടായി അയ്യംകുളം മേഖലയിൽ ഒട്ടേറെ കർഷകരുടെ ഉപജീവന മാർഗമാണ് പച്ചക്കറിക്കൃഷി. ഇവിടുത്തെ നാടൻ പച്ചക്കറിക്ക് നാടെങ്ങും ആവശ്യക്കാരാണ്. വി.എഫ്.പി.സി.കെയാണ് പ്രധാന സഹായം നൽകുന്നത്. കർഷകരെത്തിക്കുന്ന ഉത്പന്നങ്ങൾ മൊത്തമായെടുത്ത് കച്ചവടക്കാർക്കു ലേലം ചെയ്ത് വിൽപ്പന നടത്തുന്നു. പാവക്ക, പടവലം, പയർ, വഴുതിന, വിവിധയിനം മുളക്, വെണ്ട, ചീര, കോവക്ക, കുമ്പളം, മത്തൻ, ചേന, കുർക്ക, മധുരക്കിഴങ്ങ് ചേമ്പ്, വെള്ളരി എന്നിവയാണു പ്രധാന വിളകൾ.

കിഴക്കിന്റെ പച്ചക്കറിത്തോട്ടം

പെരുമാട്ടി, പട്ടഞ്ചേരി മേഖലയിൽ മീനാക്ഷിപുരം, നെല്ലിമേട്, കന്നിമാരി, മുള്ളത്തോട് കല്യാണപ്പേട്ട പ്രദേശങ്ങൾ പച്ചക്കറിയുടെ നാടാണ്. 40 ഹെക്ടറോളം സ്ഥലത്തെ ഇരുന്നൂറ്റി എഴുപത്തിയഞ്ചോളം കർഷകർ പച്ചക്കറിക്കൃഷി ചെയ്യുന്നു. ഒരു കോടിയോളം രൂപവരും ഇവരുടെ വാർഷിക വിറ്റുവരവ്. തക്കാളി, വെണ്ട, പാവലം, ചേന, മത്തൻ, മുളക്, കൂർക്ക, കുമ്പളം, ചുരയ്ക്ക, ഉരുളക്കിഴങ്ങ്, വഴുതന, പയർ, പപ്പായ, വാഴ, പഴവർഗങ്ങൾ, വെള്ളരി എന്നിവയാണു പ്രധാനം. സ്ഥിരവില കിട്ടാത്തതാണ് ഇവരുടെ ദുരിതം. തക്കാളിക്ക് പൊതുവിപണിയിൽ 40 രൂപ ഉള്ളപ്പോൾ കർഷകർക്ക് ഒരുപെട്ടിക്ക് ലഭിച്ചിരുന്നത് 5 രൂപയായിരുന്നു. ഇതേ തുടർന്ന് തക്കാളി റോഡിൽ ഉപേക്ഷിച്ച് സമരം ചെയ്തിരുന്നു ഈ മേഖലയിലെ കർഷകർ. പിന്നീട് വി.എഫ്.പി.സി.കെ മുഖേന പച്ചക്കറി സംഭരിക്കുകയും ഹോർട്ടി കോപ് വഴി വിപണനം ചെയ്യുന്ന രീതി സർക്കാർ നടപ്പാക്കി. പക്ഷേ, ഇത്തരത്തിൽ വിപണനം ചെയ്യപമ്പോൾ തുക വൈകുന്നുവെന്ന ആക്ഷേപം ഇവിടെത്തെ കർഷകർക്കുണ്ട്. ഇതര സംസ്ഥാന പച്ചക്കറികളുടെ വരവ് നിയന്ത്രിച്ച് തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഒരുക്കണമെന്നാണ് മേഖലയിലെ കർഷകരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.