വെങ്കല മെഡലിനായുള്ള മത്സരത്തിൽ തോറ്റ് അമ്പെയ്ത്ത് താരങ്ങളായ അങ്കിതയും ധീരജും
പാരീസ്: ആർച്ചറി റീകർവ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്കായി ഇറങ്ങിയ അൻകിത ഭഗത്തും - ധീരജ് ബൊമ്മദേവരയും മെഡൽ പ്രതീക്ഷ ഉയർത്തിയെങ്കിലും നീർണായക മത്സരത്തിൽ ഉന്നം മറന്നു. ഇന്നലെ മികച്ച പ്രകടനവുമായി പ്രീ ക്വാർട്ടറും ക്വാർട്ടറും കടന്ന അൻകിതയും ധീരജും സെമി ഫൈനലിലും വെങ്കലത്തിനായുള്ള മത്സരത്തിലും തോൽക്കുകയായിരുന്നു. സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയോട് 6-2ന് തോറ്റതോടെയാണ് വെങ്കല മെഡൽ മത്സരത്തിനായി വാതിൽ തുറന്നത്. എന്നാൽ അവിടെ യു.എസിന്റെ ബ്രാഡി എലിസൺ - കസികൗഫോൾഡ് സഖ്യത്തോടും 6-2ന് തന്നെ തോറ്റതോടെ ഒളിമ്പിക്സ് അമ്പെയ്ത്തിലെ ആദ്യ മെഡൽ എന്ന സ്വപ്നം കൈയെത്തും ദൂരത്ത് നഷ്ടമായി.നിർണായകമായ നാലാം സെറ്റ് 35-37ന് തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ രണ്ട് സെറ്റ് 38-37നും 35-37നും നഷ്ടമാക്കിയ ഇന്ത്യ മൂന്നാം സെറ്റ് 38-34ന് നേടി തിരിച്ചുവരവ് നടത്തിയിരുന്നു.
സെമിയിൽ കൊറിയയുടെ ലിം സി ഹയോൺ - കിം വൂ ജിൻ സഖ്യത്തിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് ഇന്ത്യയ്ക്ക് ഉന്നം പിഴയ്ക്കുകയായിരുന്നു. നാല് സെറ്റ് മത്സരത്തിൽ ആദ്യസെറ്റ് 38-36ന് സ്വന്തമാക്കി ഇന്ത്യ 2-0ത്തിന് ലീഡെടുത്തതാണ്. എന്നാൽ പിന്നീട് അടുത്ത മൂന്ന് സെറ്റുകളും യഥാക്രമം 38-35,38-37,39-38ന് സ്വന്തമാക്കി കൊറിയ ജയമുറപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പ്രീ ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ദിയാനന്ദ് ചൊയിറുനിസ- ആരിഫ് പൻഗേസ്റ്റു സഖ്യത്തെ
5-1ന് തോൽപ്പിച്ചാണ് അങ്കിതയും ധീരജും ക്വാർട്ടറിൽ എത്തിയത്. ക്വാർട്ടറിൽ സ്‌പെയിനിന്റെ എലിയ കനാലെസ് - പാബ്ലോ അച്ച സഖ്യത്തെ വീഴ്ത്തിയാണ് സെമിയിലേക്ക് കടന്നത്. 5-3നാണ് ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |