ഒളിമ്പിക്സിൽ ഇന്ത്യ ഓസ്ട്രേലിയയെ ഹോക്കിയിൽ തോൽപ്പിക്കുന്നത് 52 വർഷത്തിന് ശേഷം
ഇന്ത്യ 3- ഓസ്ട്രേലിയ 2
പാരീസ് : ഹോക്കിയിലെ അവസാന പൂൾ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തറപറ്റിച്ച ഇന്ത്യ കുറിച്ചത് ചരിത്ര വിജയം . 52 വർഷത്തിന് ശേഷം ആദ്യമായായാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഓസ്ട്രേലിയയെ തോൽപ്പിക്കാൻ കഴിഞ്ഞത്. 1972 മ്യൂണിക്ക് ഒളിമ്പിക്സിലാണ് ഇന്ത്യ ഇതിനുമുമ്പ് ഓസീസിനെ തോൽപ്പിച്ചിരുന്നത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാക്കളാണ് ഓസ്ട്രേലിയ. ഇന്ത്യ വെങ്കല ജേതാക്കളും.
പൂൾ ബിയിൽ രണ്ട് വിജയങ്ങളും ഒരു സമനിലയും നേടി നേരത്തേതന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഇരട്ട ഗോളുകൾ നേടിയ നായകൻ ഹർമൻപ്രീത് സിംഗും ഒരു ഗോളടിച്ച അഭിഷേകുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മികച്ച സേവുകളുമായി കളം നിറഞ്ഞ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷും മത്സരത്തിന്റെ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
12-ാം മിനിട്ടിൽ അഭിഷേകിലൂടെയാണ് ഇന്ത്യ സ്കോറിംഗ് തുടങ്ങിയത്. 13-ാം മിനിട്ടിൽ ഹർമൻ പ്രീത് സിംഗ് സ്കോർ ചെയ്തു. തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടാൻ കഴിഞ്ഞത് ഇന്ത്യൻ താരങ്ങളിൽ ഉണർവുപകർന്നു. കംഗാരുക്കൾ പലവട്ടം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ വലയ്ക്ക് മുന്നിൽ ശ്രീജേഷിന്റെ പ്രതിരോധം മറികടക്കാൻ അവർ ബുദ്ധിമുട്ടി. എന്നാൽ 25-ാം മിനിട്ടിൽ ടോം ക്രെയ്ഗിലൂടെ ഒരു ഗോൾ അവർ തിരിച്ചടിച്ചു. 32-ാം മിനിട്ടിൽ ഹർമൻ പ്രീത് വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ 3-1ന് മുന്നിലെത്തി. ഈ മേൽക്കൈ നിലനിറുത്തി മത്സരം നിയന്ത്രിക്കുകയായിരുന്നു പിന്നീട് ഇന്ത്യക്കാർ . 55-ാം മിനിട്ടിൽ ബ്ളാക്ക് ഗവേഴ്സിലൂടെ ഓസീസ് ഒരു ഗോൾ കൂടി നേടിയെങ്കിലും ഇന്ത്യയുടെ ജയത്തെ തടുക്കാൻ അതുമതിയാകുമായിരുന്നില്ല.
പൂൾ ബിയിൽ മൂന്ന് വിജയങ്ങളും ഓരോ സമനിലയും തോൽവിയുമടക്കം 10 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനക്കാരാണ്. പൂൾ എയിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇന്ത്യ ക്വാർട്ടറിൽ നേരിടേണ്ടത്.
6 ഈ ഒളിമ്പിക്സിൽ ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗ് നേടിയ ഗോളുകളുടെ എണ്ണം അരഡസൻ തികഞ്ഞു.
പാരീസിൽ ഇന്ത്യ ഇതുവരെ
1.ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു.
2.അർജന്റീനയുമായി 1-1ന് സമനില
3.അയർലാൻഡിനെ 2-0ത്തിന് തോൽപ്പിച്ചു.
4.ബെൽജിയവുമായി 1-2ന് തോൽവി.
5.ഓസ്ട്രേലിയയെ 3-2ന് കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |