തിരുവനന്തപുരം: തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പനി ബാധിച്ച പതിനൊന്നുകാരന് മരുന്നുമാറി കുത്തിവച്ച സംഭവത്തിൽ ജീവനക്കാർക്കുണ്ടായത് ഗുരുതര വീഴ്ച. രണ്ടുവട്ടം കുത്തിവയ്പ്പെടുത്തത് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എൻ.എച്ച്.എം വഴിയുള്ള താത്കാലിക നഴ്സായ അഭിരാമിയെ പിരിച്ചുവിട്ടു. സ്ഥിരം ജീവനക്കാരിയായ ഷിനുചെറിയാനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് സൂപ്രണ്ട് സ്‌നേഹലതയ്ക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടി.
കണ്ണമ്മൂല സ്വദേശി രാജേഷിന്റെ മകനാണ് 30ന് കുത്തിവയ്പ് എടുത്തതിനു പിന്നാലെ നെഞ്ചുവേദനയും ഛർദ്ദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലായ കുട്ടി എസ്.എ.ടി ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ളാസ് വിദ്യാർത്ഥിയായ കുട്ടിയെ 29ന് രാത്രിയാണ് പനിയോടെ തൈക്കാട് ആശുപത്രിയിലെത്തിച്ചത്. മരുന്ന് നൽകിയെങ്കിലും കുറവില്ലാത്തതിനാൽ 30ന് രാവിലെ വീണ്ടും ആശുപത്രിയിലെത്തിച്ചു. ഒ.പിയിലുണ്ടായിരുന്ന ഡോക്ടർ ശിശുരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം ഛർദ്ദിലിന് മരുന്നും പനിക്ക് കുത്തിവയ്പ്പും എഴുതി. അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയ കുട്ടിക്ക് ആദ്യം ഒരു നഴ്സ് വന്ന് കുത്തിവയ്പ്പ് എടുത്തു. പത്ത് മിനിട്ടിനു ശേഷം വന്ന മറ്റൊരു നഴ്സ്, കുത്തിവയ്പ്പ് എടുത്തെന്ന് പറഞ്ഞിട്ടും അത് കാര്യമാക്കാതെ വീണ്ടും കുത്തിവയ്പ്പ് നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി ആംബുലൻസിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |