ഹൈദരാബാദ്: തെലങ്കാനയിൽ ബി.ആർ.എസ് വിട്ട് കോൺഗ്രസിലേക്ക് പോയ എം.എൽ.എമാരെ തിരികെയെത്തിക്കാനും സ്വന്തം എം.എൽ.എമാരുടെ പോക്ക് തടയുന്നതിനുമായി ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവുവിന്റെ ഇടപെടലുകൾ ഫലം കാണുന്നു. കെ.ടി.ആറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഗഡ്വാൾ എം.എൽ.എ ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഡി ബി.ആർ.എസിലേക്ക് മടങ്ങിയെത്തും.
2024 ജൂലായ് 6നാണ് കൃഷ്ണമോഹൻ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ നിന്ന് കോൺഗ്രസിൽ ചേരുന്ന ഏഴാമത്തെ എം.എൽ.എയായിരുന്നു അദ്ദേഹം. ഇതുവരെ പത്ത് എം.എൽ.എമാരാണ് ബി.ആർ.എസിൽ നിന്ന് കോൺഗ്രസിലെത്തിയത്. അതിൽ തിരിച്ചെത്തുന്ന ആദ്യ ആളാണ് കൃഷ്ണമോഹൻ. കെ.ടി.ആറുമായി അടുപ്പമുള്ള ആളാണ് ഇദ്ദേഹം.
കോൺഗ്രസിലെത്തിയെങ്കിലും ഗഡ്വാളിലെ പ്രാദേശിക നേതാക്കൾ കൃഷ്ണമോഹനെ അംഗീകരിക്കാത്തത് അദ്ദേഹത്തെ തിരിച്ചുപോക്കിനു പ്രേരിപ്പിച്ചു. എന്നാൽ ബി.ആർ.എസിൽ നിന്ന് അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിലേക്കു കൂറുമാറിയ ചിലരെ തിരിച്ചുവിളിക്കേണ്ടതില്ലെന്നാണ് ബി.ആർ.എസ് നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംഭവവികാസങ്ങൾ കെ.ടി.രാമറാവു പിതാവ് കെ.ചന്ദ്രശേഖരറാവുവിനെ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ബി.ആർ.എസ് ജനപ്രതിനിധികൾ ഭരണകക്ഷിയായ കോൺഗ്രസിൽ ചേർന്നുതുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |