ചെന്നൈ: സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങുന്ന വന്ദേ മെട്രോ ചെന്നൈ-കാട്പാടി റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 12 കോച്ചുകളുള്ള വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം കേരളവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. യാത്രാക്ലേശം രൂക്ഷമാകുന്ന കേരളത്തിലെ ഏതൊക്കെ റൂട്ടുകളിൽ വന്ദേ മെട്രോ സർവീസ് നടത്തുമെന്നാണ് സംസ്ഥാനത്തെ യാത്രക്കാർ ഉറ്റുനോക്കുന്നത്.
ചെന്നൈ-കാട്പാടി റൂട്ടിൽ 130 കിലോ മീറ്റർ വേഗതയിലാണ് ഇന്ന് പരീക്ഷണം നടക്കുക. അതിന് ശേഷമായിരിക്കും ഏത് സോണിലേക്കായിരിക്കുമെന്ന് പ്രഖ്യാപിക്കുക. നേരത്തെ രാജസ്ഥാൻ കോട്ടയിൽ വച്ച് 180 കിലോ മീറ്റർ വേഗത്തിൽ വന്ദേ മെട്രോയുടെ കവച് സംവിധാനം ഉൾപ്പടെ പരീക്ഷിച്ച് വിജയിച്ചിരുന്നു.
നിലവിൽ മെമു സർവീസ് നടത്തുന്ന റൂട്ടിലാണ് വന്ദേ മെട്രോയെ പരിഗണിക്കുക. വ്യത്യസ്തമായ ഡിസൈനിലാണ് വന്ദേ മെട്രോയുടെ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു കോച്ചിൽ നൂറ് പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനും സാധിക്കും. ശീതീകരിച്ച കോച്ചുകളാണ് വന്ദേ മെട്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിന്റെ പ്രതീക്ഷ
ട്രെയിൻ യാത്രക്കാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കൂടുതൽ തിരക്കുള്ള മലബാർ മേഖലയിൽ അടക്കം വന്ദേ മെട്രോ സർവീസ് നടത്തുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. എറണാകുളം- കോഴിക്കോട്, കോഴിക്കോട്-മംഗളൂരു, തിരുവനന്തപുരം-എറണാകുളം ഉൾപ്പടെയുള്ള റൂട്ടുകളാണ് പരിഗണനയിലുള്ളത്. ഓഫീസ് സമയങ്ങളിൽ വന്ദേ മെട്രോ സർവീസ് നടത്തിയാൽ പരശുറാം എക്സ്പ്രസ് പോലുള്ള ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |