ഒരു കാലത്ത് വളരെയധികം പേരു കേട്ടിരുന്ന തിരൂർ വെറ്റിലയുടെ പ്രതാപം തിരകെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് കൃഷി വകുപ്പും തിരൂർ വെറ്റില ഉത്പാദക സംഘവും. നിരവധി പോഷകങ്ങളടക്കിയ തിരൂർ വെറ്റിലയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും പേരും പെരുമയുമുണ്ടായിരുന്നു. നൂറ്റിയമ്പത് വർഷത്തോളം പഴക്കമുള്ള തിരൂർ വെറ്റില വിപണിയിൽ നിന്ന് ദുബായിലേക്കും പറന്നിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്തെ തന്നെ ഏറ്റവും മികച്ച വെറ്റിലയെന്ന പെരുമയുള്ള തിരൂർ വെറ്റില നഷ്ടക്കണക്കിൽ വേരറുക്കപ്പെടുന്ന അവസ്ഥയിലാണ്.
ആവശ്യക്കാർ ഏറെ
തിരൂരിൽ നിന്ന് ദിവസേന 20 ടൺ വരെ വെറ്റില പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചിരുന്നു. നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ ഇതുനിന്നു. ഉത്തരേന്ത്യയിലും തിരൂർ വെറ്റിലയ്ക്കാണ് പ്രിയം. വെറ്റില വില കുറയുകയും വെറ്റിലക്കൊടി പടർത്താനുള്ള കവുങ്ങിൻതടി, വളം എന്നിവയുടെ വില കൂടുകയും ചെയ്തതോടെ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നിലവിൽ ഡൽഹിയിലേക്ക് ദിനംപ്രതി 1,000 കെട്ട് വെറ്റില കയറ്റി അയക്കുന്നുണ്ട്. ഒരുകെട്ടിൽ 100 വെറ്റിലയാണ് ഉണ്ടാവുക.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തിരൂർ വെറ്റിലയ്ക്ക് ആവശ്യക്കാരുണ്ട്. കേരളത്തിൽ വയനാട്, അട്ടപ്പാടി, വടകര, കൊല്ലം എന്നിവിടങ്ങളിലാണ് കൂടുതൽ ആവശ്യക്കാരുള്ളത്. തിരൂർ വെറ്റില ഉത്പാദക സംഘം ഭാരവാഹികൾ ഇതര സംസ്ഥാനങ്ങളിൽ നേരിട്ട് എത്തിയാണ് വിപണി കണ്ടെത്തുന്നത്. വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗ്ലാദേശിലേക്ക് കയറ്റുമതിയും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവടങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
മൂല്യ വർദ്ധിത ഉത്പന്നങ്ങൾ
നൂറ് മില്ലി വെറ്റില ഓയിലിന് ഓൺലൈൻ സൈറ്റുകളിൽ 4,000 രൂപയോളം നൽകണം. എന്നാൽ ശുദ്ധമായ ഓയിൽ ഈ വിലയ്ക്കും കിട്ടില്ല. വെറ്റില ഓയിൽ അടങ്ങിയിട്ടുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും വിപണിയിൽ വലിയ വിലയാണ്. 2020 ആഗസ്റ്റിൽ തിരൂർ വെറ്റിലയ്ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി (ജി.ഐ) ലഭിച്ചെങ്കിലും മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് കടക്കാത്തതിനാൽ കർഷകർക്ക് പ്രയോജനം ലഭിച്ചിരുന്നില്ല. ഓയിൽ, മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ് ച്യൂവിംഗ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണം മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുണ്ട്. വെറ്റിലയിൽ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റുകളുടെ വലിയ സാന്നിദ്ധ്യമുണ്ട്.
ഉത്പാദനം കൂടി, വിലയിടിഞ്ഞു
മലപ്പുറം ജില്ലയിലെ 27 പഞ്ചായത്തുകളിലായി 2,500 ഓളം വെറ്റില കർഷകരുണ്ട്. 220 ഏക്കറിൽ കൃഷിയുണ്ട്. ഇടവിള കൃഷിയാണ് കൂടുതലും. മഴ നന്നായി ലഭിച്ചതോടെ വെറ്റില ഉത്പാദനം കൂടി. ഇതോടെ അടിക്കടി വില കുറയുകയാണ്. ഭംഗി, എരിവ്, കനംകുറവ്, ഔഷധഗുണം എന്നിവയിൽ മുന്നിലാണെന്നതിനാൽ മുറുക്കുന്നവരുടെ പ്രിയ ഇനമാണ് തിരൂർ വെറ്റില.
പ്രതാപം വീണ്ടെടുക്കാൻ
വെറ്റിലയിൽ നിന്ന് ഓയിൽ നിർമ്മിക്കാൻ എറണാകുളത്തെ ഓയിൽ ലീഫ് എക്സ്ട്രാക്ട് കമ്പനിയുമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച നടത്തിയിട്ടുണ്ട്. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്. വെറ്റില ഓയിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തേർഡ് ക്വാളിറ്റി വെറ്റില ഇലകൾ ഉപയോഗിച്ചും ഓയിൽ നിർമ്മിക്കാനാവും.
നിലവിൽ ഫസ്റ്റ്, സെക്കന്റ് ക്വാളിറ്റി ഇലകൾ വിപണിയിൽ എത്തിക്കുമ്പോൾ തേർഡ് ക്വാളിറ്റി ഇലകൾ കർഷകർ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരുമാസം പത്ത് കിന്റലിൽ അധികം തേർഡ് ക്വാളിറ്റി ഇലകൾ ഉണ്ടാവാറുണ്ട്. കൂടിയ തോതിൽ ഓയിൽ വാങ്ങിക്കാനുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പും വെറ്റില ഉത്പാദക സംഘവും. കുറഞ്ഞ ചെലവിലും വേഗത്തിലും വെറ്റില ഓയിൽ വാറ്റിയെടുക്കാനുള്ള സംവിധാനം ഖോരഖ്പൂർ ഐ.ഐ.ടി വികസിപ്പിച്ചിട്ടുണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ പ്രായോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലല്ല. തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) നേതൃത്വത്തിൽ ഖോരഖ്പൂർ ഐ.ഐ.ടിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല.
ഇടനിലക്കാരെ ഒഴിവാക്കി വെറ്റില നേരിട്ട് വിപണിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം കർഷക കൂട്ടായ്മയായ തിരൂർ വെറ്റില ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് ഷെയർ പിരിച്ച് അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചാണ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന് രൂപമേകിയത്. ഗോഡൗൺ, ഓഫീസ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് കൃഷി വകുപ്പ് 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കൂടി കടക്കുന്നതോടെ തിരൂർ വെറ്റില കൃഷിയ്ക്ക് കൂടുതൽ ഉണർവേകാൻ സാധിക്കുമെന്നത് തീർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |