കൊച്ചി: വിദേശത്ത് എം.ബി.ബി.എസ് പഠിച്ചവർക്കുള്ള ഇന്ത്യയിലെ യോഗ്യതാപരീക്ഷ പലതവണ എഴുതിയിട്ടും വിജയിക്കാത്തവർ കടംകയറി ആത്മഹത്യയുടെ വക്കിൽ. സുതാര്യതയില്ലാതെ നടത്തുന്ന കഠിനമായ പരീക്ഷയിലൂടെ മനഃപൂർവം തോൽപ്പിക്കുകയാണെന്നാണ് ആരോപണം.
വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ നേടി പ്രാക്‌ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) വിജയിക്കണം. കഴിഞ്ഞ പരീക്ഷയിൽ വിജയിച്ചത് 21.52 ശതമാനം മാത്രമാണ്. കോഴ്സിന് ചേർന്ന് 10വർഷത്തിനകം എഫ്.എം.ജി.ഇ വിജയിച്ചില്ലെങ്കിൽ വിദേശ എം.ബി.ബി.എസ് അംഗീകരിച്ച രാജ്യങ്ങളിൽ പോകേണ്ടിവരും.
വൻതുക വായ്‌പയെടുത്താണ് ബഹുഭൂരിപക്ഷവും വിദേശത്ത് പഠിക്കുന്നത്. കോഴ്സ് പൂർത്തിയായാലും പ്രാക്‌ടീസ് ആരംഭിക്കാൻ കഴിയാത്തതിനാൽ വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിലാണ് കുടുംബങ്ങൾ.
ആത്മഹത്യയുടെ വക്കിൽ
ചൈനയിലെ പ്രശസ്തമായ സർവകലാശാലയിൽനിന്ന് 94 ശതമാനം മാർക്കുമായാണ് തിരുവനന്തപുരം സ്വദേശിനി 2014ൽ എം.ബി.ബി.എസ് നേടിയത്. പ്രതിവർഷം രണ്ടുതവണവീതം എഫ്.എം.ജി.ഇ എഴുതിയെങ്കിലും വിജയിച്ചില്ല. വിദേശ ബിരുദത്തിന് അംഗീകാരം ലഭിക്കാത്തതിനാൽ പി.എസ്.സി അപേക്ഷ അയയ്‌ക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എഫ്.എം.ജി.ഇ വിജയിക്കാത്തതും വായ്‌പാബാദ്ധ്യതയുംമൂലം കൂട്ട ആത്മഹത്യയുടെ വക്കിലാണെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. 15ലക്ഷംരൂപ ബാങ്ക് വായ്‌പയെടുത്താണ് പഠിച്ചത്. ആറരവർഷത്തിനുശേഷം തിരിച്ചടവെന്ന വ്യവസ്ഥ പാലിക്കാനായില്ല. പലിശയും പിഴപ്പലിശയും വായ്‌പയിൽ ചേർത്തതോടെ ബാദ്ധ്യത 30ലക്ഷം കവിഞ്ഞു.
പരീക്ഷ കഠിനം, രഹസ്യാത്മകം
സിലബസ്, ചേദ്യങ്ങൾ, ഉത്തരസൂചിക എന്നിവ വെളിപ്പെടുത്താതെ രഹസ്യമായാണ് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ മെഡിക്കൽ സയൻസ് പരീക്ഷ നടത്തുന്നത്. ലഭിച്ചമാർക്ക് വെളിപ്പെടുത്തില്ല. പുനർമൂല്യനിർണയത്തിനും അവസരമില്ല.
''നീറ്റ് പോലെ സുതാര്യമായി പരീക്ഷ നടത്തണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുവരെ നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.""
ജെമ്മ ജെയിംസ്
കമ്മിറ്റി അംഗം
ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |