തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരു വിഭാഗം നായ്ക്കൾ മനുഷ്യർക്ക് എപ്പോഴും ഭീഷണിയാണ്. ചിലർ ഇവയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങുന്ന സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. കുട്ടികളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവങ്ങളും നമ്മൾ മാദ്ധ്യമങ്ങളിലൂടെ നിരന്തരം കേൾക്കുന്നതാണ്. എല്ലാ ഭരണകൂടങ്ങൾക്കും തലവേദനയാകുന്ന ഒരു വിഷയം കൂടിയാണ് തെരുവുനായ ശല്യം. വന്ധ്യംകരണം നടത്തിയും അപകടകാരികളെ പിടിച്ചു കൂട്ടിലടച്ചുമാണ് അധികൃതർ ഇതിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. എന്നിരുന്നാലും പല സ്ഥലങ്ങളിലും ഇവ മനുഷ്യർക്ക് ഭീഷണിയായി തുടരുന്നുണ്ട്.
എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി തെരുവുനായ്ക്കളെ മുഴുവനായും കൊന്നൊടുക്കുന്ന തീരുമാനത്തിലേക്ക് ഭരണകൂടം കടന്നാലോ? മൃഗസ്‌നേഹികളുടെയും പ്രതിപക്ഷ അഗംങ്ങളുടെയും എതിർപ്പ് അവഗണിച്ച് തുർക്കിയിലെ സർക്കാർ പാസാക്കിയ 'കൂട്ടക്കൊല' നിയമത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. തുർക്കി സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 40 ലക്ഷം തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. പുതിയ നിയമത്തിലൂടെ ഇവയെ ഉൻമൂലനം ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ പുതിയ നിയമത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. എന്താണ് തുർക്കി പാസാക്കിയ 'കൂട്ടക്കൊല' നിയമം? പരിശോധിക്കാം.
വിവാദ നിയമം
തുർക്കി അസംബ്ലിയിൽ നടന്ന മാരത്തൺ സമ്മേളനത്തിൽ 275 വോട്ടുകൾക്കാണ് തെരുവുനായ്ക്കളെ കൂട്ടക്കുരുതി നടത്താനുള്ള നിയമം സർക്കാർ പാസാക്കിയത്. 225 പേർ ഈ നിയമത്തെ എതിർത്ത് വോട്ട് ചെയ്തു. വേനൽക്കാല സമ്മേളനം ഓഗസ്റ്റിൽ ആരംഭിക്കാനിരിക്കെയാണ് സർക്കാർ ഈ നിയമം പെട്ടെന്ന് പാസാക്കിയത്. നിയമം പാസായതോടെ സർക്കാരിനെതിരെ തെരുവുകളിൽ അടക്കം മൃഗസ്‌നേഹികളുടെ പ്രതിഷേധം കനക്കുകയാണ്.
പുതിയ നിയമപ്രകാരം പ്രാദേശിക ഭരണകൂടങ്ങൾ നായ്ക്കളെ പിടികൂടണം. അവയെ വന്ധ്യംകരിച്ച് ആവശ്യമായ വാക്സിനുകൾ നൽകി ദത്തെടുക്കൽ പ്രക്രിയയ്ക്ക് വിധേയമാക്കാം. എന്നാൽ തുർക്കിയിൽ ആകെ 40 ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവയെ പിടികൂടി പാർപ്പിക്കാനായി 322 കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഈ കേന്ദ്രങ്ങളിലായി ആകെ 105,000 നായ്ക്കളെ മാത്രമാണ് പാർപ്പിക്കാൻ സാധിക്കുക.
എന്നാൽ പുതിയനിയമനിർമ്മാണമനുസരിച്ച് ആക്രമണാത്മക സ്വഭാവം കാണിക്കുന്നതോ ചികിത്സിക്കാൻ കഴിയാത്ത രോഗങ്ങളോ കാണിക്കുന്ന നായ്ക്കളെ ദയാവധം ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. ഇതാണ് എല്ലാവരെയും ചൊടിപ്പിക്കാനുള്ള പ്രധാന കാരണം. ഈ നിയമം 'കൂട്ടക്കുരുതി'യാണെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. എന്നാൽ നിയമത്തെ പിന്തുണയ്ക്കുന്നവർ പറയുന്ന ഒരേ ഒരു കാര്യം, തെരുവുനായ്ക്കൾ മനുഷ്യർക്ക് ഭീഷണിയാണെന്നാണ്. 44 കുട്ടികളടക്കം 75 പേരാണ് അടുത്തകാലത്ത് തെരുവുനായ്ക്കൾ കൊല്ലപ്പെട്ടത്. ഇതിലും പലതും തെരുവുനായ്ക്കൾ കാരണമുണ്ടാകുന്ന വാഹനാപകടങ്ങളിൽ മരണപ്പെട്ടവരാണ്.
മെയർമാർക്ക് തടവുശിക്ഷ
എല്ലാ മുനിസിപ്പാലിറ്റികളും അവരുടെ വാർഷിക ബജറ്റിന്റെ കുറഞ്ഞത് 0.3 ശതമാനം മൃഗ പുനരധിവാസ സേവനങ്ങൾക്കും ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനോ നവീകരിക്കുന്നതിനോ വേണ്ടി ചെലവഴിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുന്ന മേയർമാർക്ക് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കും. വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് 5023 രൂപ മുതൽ 1,50,696 രൂപ വരെ പിഴയായും ഒടുക്കേണ്ടി വരും. എന്നാൽ പണമില്ലാത്ത മുനിസിപ്പാലിറ്റികൾക്ക് ആവശ്യമായ അധിക ഷെൽട്ടറുകൾ നിർമ്മിക്കാൻ സർക്കാർ എങ്ങനെ പണം കണ്ടെത്തുമെന്ന് മൃഗഡോക്ടർമാരും പ്രതിപക്ഷ നേതാക്കളും ചോദിക്കുന്നു.
തുർക്കിയുടെ പ്രതികരണം
മൃഗസ്‌നേഹികൾ അടക്കമുള്ളവർ പുതിയ നിയമത്തിനെതിരെ പ്രതിഷേധിക്കുമ്പോഴും ഒരു വിഭാഗം ഈ നിയമത്തെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. ഈ നിയമം രാജ്യത്തിന് ആവശ്യമാണെന്നും ഇത് ഒരിക്കലും കൂട്ടക്കുരുതി അല്ലെന്നും ചിലർ പറയുന്നു. എന്നാൽ മൃഗസ്‌നേഹികൾ സർക്കാരിനെതിരെ പ്ലക്കാർഡുകളുമായി തെരുവിൽ ഇറങ്ങുന്നുണ്ട്. 'ഞങ്ങൾ ഈ സർക്കാരിന് വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുകയാണ്. ഈ നിയമം റദ്ദു ചെയ്യണം. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യം ചെയ്യരുത്'- പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |