കൽപറ്റ: ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ പുനർനിർമ്മിക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ഒഴുകുകയാണ്. കണക്കുകൾക്കുമപ്പുറത്തുള്ള കോടികൾ തന്നെ വേണ്ടിവരും തകർന്ന് മണ്ണോടടിഞ്ഞ പ്രദേശങ്ങളെ വീണ്ടെടുക്കാൻ. അതിലും വലിയ പ്രാധാന്യം സ്വന്തമെന്ന് പറയാൻ ഉള്ളതെല്ലാം നഷ്‌ടപ്പെട്ട മനുഷ്യരുടെ പുനരധിവാസമാണ്. അതുകൊണ്ടുതന്നെയാണ് നാടിന്റെ പുനർജീവനായി നൽകപ്പെടുന്ന ഓരോ കൈത്താങ്ങിനും പ്രാധാന്യമേറുന്നത്.
നടൻ മോഹൻലാലിന്റെ സാമിപ്യമായിരുന്നു ദുരന്തഭൂമിയിൽ ഇന്ന് ഏറെ ആശ്വാസം പകർന്ന കാഴ്‌ച. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്‌റ്റനന്റ് കേണൽ കൂടിയായ ലാൽ ദുരിതബാധിത മേഖലയിൽ എത്തി കാര്യങ്ങൾ കണ്ടുമനസിലാക്കി. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷൻ വഴി മൂന്ന് കോടി രൂപയുടെ ആദ്യഘട്ട പുനർനിർമ്മാണം മോഹൻലാൽ പ്രഖ്യാപിച്ചു.
ആവശ്യമായാല്‍ ഇനിയും തുക നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകളില്‍ എത്തിയാല്‍ മാത്രമേ അപകടത്തിന്റെ വ്യാപ്തി മനസിലാക്കുകയുള്ളു. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാന്‍ കഴിയുമോ അതാണ് ചെയ്യേണ്ടത്. തകര്‍ന്ന എല്‍പി സ്‌കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടതില്‍ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലും മറ്റും കാണാന്‍ കഴിഞ്ഞത്. അത് വളരെ സങ്കടകരമാണ്. അവിടെ ചെന്നുകണ്ടാലേ അതിന്റെ വ്യാപ്തി മനസിലാകുകയുള്ളു. നിമിഷനേരം കൊണ്ടാണ് ഒരുപാട് പേര്‍ക്ക് ഉറ്റവരേയും ഉടയവരോയും നഷ്ടമായത്. പക്ഷെ നമ്മെളെല്ലാം ഒന്ന് ചേര്‍ന്ന് അവരെ സഹായിക്കുകയെന്നത് വലിയ കാര്യമാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
മോഹൻലാലിന്റെ മാതാപിതാക്കളായ വിശ്വനാഥൻ നായർ, ശാന്തകുമാരി എന്നിവരുടെ സ്മരണാർത്ഥം 2013ൽ കമ്പനീസ് ആക്‌ട് പ്രകാരം രജിസ്‌റ്റർ ചെയ്‌ത എൻജിഒ ആണ് വിശ്വശാന്തി ഫൗണ്ടേഷൻ. 2015ൽ പ്രവർത്തനം ആരംഭിച്ചു. പൂർണ്ണമായും ചാരിറ്റബിൾ ലക്ഷ്യങ്ങളുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിൽ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവർക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചത്. ദാരിദ്ര്യവും രോഗവും കഷ്ടപ്പാടും അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പുനരുദ്ദരിക്കുക എന്നതാണ് വിശ്വശാന്തി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
ആരോഗ്യ സംരക്ഷണത്തിൽ ശാശ്വതമായ പരിഹാരങ്ങൾ നൽകുക, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അധഃസ്ഥിത വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്ക് നേതൃത്വ പരിശീലനം നൽകുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രവർത്തനം.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഫൗണ്ടേഷന്റെ ഡയറക്‌ടർ ബോർഡിലുള്ളത്. കാൻസർ രോഗ വിദഗ്‌ദ്ധനായ ഡോ. ദാമോദരൻ വാസുദേവനാണ് ചെയർമാൻ. മേജർ രവി അടക്കമുള്ളവർ ഡയറക്‌ടർ ബോർഡിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |