തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസിന്റെ മുഖമായി മാറുകയാണ് പൊലീസ് നായ്ക്കള്‍. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധപരിശീലനം ലഭിച്ച മായ, മര്‍ഫി, എയ്ഞ്ചല്‍ എന്നീ പൊലീസ് നായ്ക്കളാണ് പ്രകൃതിയോട് പടവെട്ടി അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ സൂചനകള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ഈ നായ്ക്കള്‍ക്ക് കഴിഞ്ഞു.
തൃശ്ശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് മര്‍ഫിയും മായയും എയ്ഞ്ചലും കേരള പൊലീസിന്‍റെ ഭാഗമായത്. പ്രമാദമായ നിരവധി അന്വേഷണങ്ങളില്‍ മൂവരും കേരള പൊലീസിനൊപ്പം നിന്നിട്ടുണ്ട്. പരിശീലനത്തിനുശേഷം മര്‍ഫിയും മായയും കൊച്ചി സിറ്റി പൊലീസിലേയ്ക്ക് പോയപ്പോള്‍ ഇടുക്കി പൊലീസിലേയ്ക്കായിരുന്നു എയ്ഞ്ചലിന് നിയമനം ലഭിച്ചത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ സമാനമായ ദുരന്തം ഉണ്ടായപ്പോള്‍ മണ്ണിനടിയില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഈ മൂന്നു നായ്ക്കളും രക്ഷാപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി. ഇലന്തൂര്‍ നരബലി കേസിന്റെ അന്വേഷണത്തിലും ഇവയുടെ സേവനം പോലീസ് പ്രയോജനപ്പെടുത്തി.
നിലവില്‍ ചൂരല്‍മല, മുണ്ടക്കൈ മുതലായ ദുരന്തബാധിത പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് മര്‍ഫിയും മായയും. മലപ്പുറം ജില്ലയിലെ ദുരന്തബാധിത മേഖലയിലാണ് ഇപ്പോള്‍ എയ്ഞ്ചലിന്‍റെ സേവനം. പ്രഭാത് പി, മനേഷ് കെ എം, ജോര്‍ജ് മാനുവല്‍ കെ എസ്, ജിജോ റ്റി ജോണ്‍, അഖില്‍ റ്റി എന്നിവരാണ് മൂവരുടെയും ഹാന്‍ഡ്ലര്‍മാര്‍.
നിലിവൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തെരച്ചിലിന് കൂട്ടായി കരസേന, പൊലീസ്, തമിഴ്നാട് അഗ്നിരക്ഷാസേന എന്നിവയുടെ പരിശീലനം സിദ്ധിച്ച 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കർമരംഗത്തുള്ളത്.
പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ. യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് നായയ്ക്കളുടെ തെരച്ചിൽ. പ്രതികൂലമായ കാലാവസ്ഥയെയും ദുർഘടമായ പാതകളെയും താണ്ടാനുള്ള കരുത്ത് ഈ നായകൾക്കുണ്ട്. പരിശീലകരാണ് ദുരന്ത ഭൂമിയിൽ നായകളെ തെരച്ചിലിന് വഴികാട്ടുന്നത്. വയനാട് ഡോഗ് സ്ക്വാഡിന്റെ മാഗിയും സംഘത്തിലുണ്ട്.
മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകൾ സൂചന നൽകുക. മറ്റു ചിലപ്പോൾ രണ്ടു കൈകൾ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടിയും സൂചന നൽകുന്നവയുണ്ട്. നായകൾ നൽകുന്ന സൂചനകൾ മനസിലാക്കുന്ന പരിശീലകർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |