ഏവരും ഒറ്റക്കെട്ടായി വയനാടിന് വേണ്ടി അണിനിരക്കുകയാണ്. അപ്പോഴും ടൊവിനോയെ പ്രത്യേകം അഭിനന്ദിക്കാൻ ഒരു കാരണമുണ്ടെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവിടെ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു. മാലിന്യ നിർമാർജനം കൂടുതൽ ദുഷ്കരമാക്കുന്ന ഈ വെല്ലുവിളി സംബന്ധിച്ച് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ നടത്തിയ പ്രതികരണം ടൊവിനോ തോമസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു.
പിന്നാലെ ടൊവിനോ ആയിരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പിൽ എത്തിക്കുമെന്ന് അറിയിച്ചു. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങൾ വഴി ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വൻതോതിലുള്ള മാലിന്യം ഒഴിവാക്കാൻ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവച്ചത്.
ടൊവിനോയുടെ ഈ മാതൃകാപരമായ പിന്തുണയെ തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എല്ലാ ക്യാമ്പുകളിലെയും അന്തേവാസികൾക്ക് സ്റ്റീൽ പാത്രങ്ങൾ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായും എം.ബി രാജേഷ് അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ടൊവിനോ തോമസ് നല്‍കിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |