കൊച്ചി: ജൂലായ് 23ന് രാത്രി കൊച്ചി കായലിൽ മത്സ്യബന്ധനത്തിനായി വീട്ടിൽ നിന്നിറങ്ങിയ എറണാകുളം താന്തോന്നിത്തുരത്ത് സ്വദേശി കെ.എസ്. അനിൽകുമാർ എവിടെപ്പോയി? കഴിഞ്ഞ 11ദിവസമായി നെഞ്ചിൽ തീയുമായി ഒരു നാടുമുഴുവൻ കൊച്ചി കായലിലും കരയിലുമായി 60കാരനായുള്ള തെരച്ചിലിലാണ്. കരഞ്ഞു കണ്ണീർവറ്റിയ നിലയിൽ ഭാര്യയും രണ്ട് മക്കളും കാത്തിരിപ്പിലാണ്. അനിൽകുമാറിന്റെ വഞ്ചി 24ന് രാവിലെ ഒന്നാം ഗോശ്രീപാലത്തിന്റെ മൂന്നാം പില്ലറിൽ കെട്ടിയിട്ടനിലയിൽ കണ്ടെത്തിയിരുന്നു.
മത്സ്യത്തൊഴിലാളിയായ അനിൽകുമാർ കായലിൽ മീനിന്റെ ലഭ്യതകുറഞ്ഞതോടെ കുടുംബം പുലർത്താൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് വീണ്ടും മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞത്. രാത്രി ഏഴരയോടെ വീട്ടിൽനിന്നിറങ്ങുന്ന അനിൽകുമാർ കിട്ടുന്ന മീനുകൾ എറണാകുളം മാർക്കറ്റിൽവിറ്റ് പിറ്റേന്ന് രാവിലെ വീട്ടിലേക്ക് മടങ്ങിയെത്തുന്നതാണ് രീതി. രാവിലെ വരാമെന്ന് പറഞ്ഞാണ് 23ന് രാത്രി വീട്ടിൽ നിന്നിറങ്ങിയത്. പതിവ് സമയം കഴിഞ്ഞിട്ടും അനിൽകുമാർ എത്തിയില്ല. മകൻ അനന്ദു അന്വേഷിച്ചിറങ്ങിയപ്പോഴാണ് വഞ്ചി കണ്ടെത്തിയത്.
കായലിലേക്ക് വീണിട്ടുണ്ടാകുമെന്ന സംശയത്തിൽ കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നേവിയുമെല്ലാം കൊച്ചി കായലിൽ രണ്ട് ദിവസത്തോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് താന്തോന്നിത്തുരുത്ത് നിവാസികളും രംഗത്തിറങ്ങിയത്. സമീപത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും വ്യക്തമായ ദൃശ്യമൊന്നും ലഭിച്ചിട്ടില്ല.
സാധാരണ മത്സ്യത്തൊഴിലാളികളെല്ലാവരും കിട്ടുന്ന മീനുകൾ വിൽക്കാൻ ഒരു വഞ്ചിയിലാണ് എറണാകുളം മാർക്കറ്റിലേക്ക് പോകുന്നത്. അന്ന് അനിൽകുമാർ ആരുടെയും വഞ്ചിയിൽ കയറിയിരുന്നില്ല. വഞ്ചി കായലിന്റെ മദ്ധ്യഭാഗത്തായതിനാൽ കരയിലേക്ക് പോയിട്ടില്ലെന്ന നിഗമനത്തിലാണ് വീട്ടുകാർ. അനിൽകുമാറിന്റെ ഒരു ചെരിപ്പ് വഞ്ചിയിൽനിന്ന് കിട്ടിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും നീന്തി രക്ഷപ്പെടാൻ കഴിയുന്ന ആളാണ് അനിൽകുമാറെന്ന് മറ്റ് മത്സ്യത്തൊഴിലാളികൾ പറയുന്നു. തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അനിൽകുമാറിന്റെ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |