കൊച്ചി: എറണാകുളം പനങ്ങാട് നെട്ടൂരിൽ ഭാര്യയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. നെട്ടൂർ മരിയ ഗോരോത്തി സ്‌കൂളിന് സമീപം നടുവിലെ വീട്ടിൽ സാബു ദേവസിയാണ് (43) ഭാര്യ ഫിലോമിന റോസിനെ (ജിൻസി -39) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ആറോടെ മൂത്തമകളാണ് തറയിൽ മരിച്ചുകിടക്കുന്ന നിലയിൽ ഫിലോമിനയെ ആദ്യം കാണുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സാബുവിന്റെ മാതാവ് എൽസിയും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് വീടിന് പുറകിൽ അടുക്കളയോട് ചേർന്ന് സാബുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.
പുലർച്ചെ രണ്ടിനും അഞ്ചിനും ഇടയിലാകും സാബു ഫിലോമിനയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
ഷാളുകൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കിയാവാം കൊലപാതകമെന്നും നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ഷാൾ കണ്ടെടുത്തിട്ടുണ്ട്. ഇറിച്ചി വെട്ടുകാരനാണ് സാബു. അടുത്തിടെയായി ഇയാൾ വീടിന് പുറത്തേയ്ക്ക് ഇറങ്ങാറില്ലായിരുന്നു. ആരോ തന്നെ കൊലപ്പെടുത്തുമെന്ന ഭയം ഇയാൾക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ഏതാനും മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് സാബു അടിക്കടി പറയുമായിരുന്നെന്നാണ് ഇയാളുടെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ച രാത്രി 1.30 ഓടെ ഇയാൾ സഹോദരിയെ വിളിച്ച് ഇതേകാര്യം ആവർത്തിച്ചതായി പൊലീസ് പറഞ്ഞു. സംഭവദിവസം മൂന്ന് മക്കളിൽ ഇളയ മകൾ ദമ്പതികൾക്കൊപ്പമായിരുന്നു ഉറങ്ങിയത്. എൽസിയും വീട്ടിലുണ്ടായിരുന്നു.
പതിനഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാണ്ടിക്കുടി സ്വദേശിനിയാണ് ഫിലോമിന റോസ്. കൊച്ചിൻ കപ്പൽശാലയുടെ സൊസൈറ്റിയിലെ ജീവനക്കാരിയാണ്. ഒമ്പതിലും ആറിലും നാലിലുമാണ് ഇവരുടെ മക്കൾ പഠിക്കുന്നത്. ഫിലോമിനയുമായി സാബു കലഹം പതിവായിരുന്നു. രാത്രിയുണ്ടാകാറുള്ള വാക്കുതർക്കം സമീപവാസികൾ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നില്ല. ഏതാനും ദിവസമായി ഇരുവരും നല്ല സന്തോഷത്തിലായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. ഭാര്യയെയും കൊണ്ട് പോകുകയാണെന്ന തരത്തിലുള്ള സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പനങ്ങാട് എസ്.എച്ച്.ഒയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വൈകിട്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങി നെട്ടൂർ വിശുദ്ധ കുരിശ് ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |