കാസർകോട്: ഓൺലൈൻ ട്രേഡിംഗ് ഇടപാട് നടത്തി വൻതുക ലാഭവിഹിതമായി സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നിക്ഷേപിച്ച എൽ.ഐ.സി ഉദ്യോഗസ്ഥന്റെ ലക്ഷങ്ങൾ നഷ്ടപ്പെട്ടു. കാസർകോട് എൽ.ഐ.സി ഓഫീസിലെ സീനിയർ ബ്രാഞ്ച് മാനേജരായ ഉദിനൂർ സ്വദേശിയുടെ 12.75 ലക്ഷം രൂപയാണ് ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ തട്ടിയെടുത്തത്.
ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രൊഫ. സഞ്ജയ്, റിയ എന്നിവർ ചേർന്നാണ് പണം തട്ടിയത്. ഓൺലൈൻ ആപ്പിന്റെ ഗ്രൂപ്പ് അഡ്മിൻമാരാണ് ഇരുവരും. നേരിട്ട് ബന്ധപ്പെടുകയോ നിക്ഷേപകരമായി ഫോണിൽ സംസാരിക്കുകയോ ചെയ്യാതെ ഗ്രൂപ്പിൽ സന്ദേശങ്ങൾ മാത്രം അയച്ചാണ് ഈ സംഘം ആളുകളെ കബളിപ്പിക്കുന്നത്. പണം നിക്ഷേപിക്കാൻ ആഗ്രഹമുള്ളവരെ വലവീശി പിടിച്ചാണ് അഡ്മിന്മാർ ഗ്രൂപ്പിൽ ചേർക്കുന്നത്.
ഈ വർഷം ഏപ്രിൽ 15നും മേയ് 9 നും ഇടയിലാണ് എൽ.ഐ.സി ഉദ്യോഗസ്ഥൻ പലതവണകളായി ഷെയർ ആയി പണം നിക്ഷേപിച്ചത്. ട്രേഡിംഗ് വ്യാപാരം സത്യസന്ധമാണെന്ന് തെളിയിക്കുന്നതിന് നിക്ഷേപ തുകയിൽ 1,40,000 രൂപ തിരികെ നൽകിയിരുന്നു. ബാക്കിയുള്ള തുകയാണ് കിട്ടാനുള്ളത്. ലാഭവിഹിതം നൽകാമെന്ന വ്യവസ്ഥയിലാണ് പണം വാങ്ങിയതെങ്കിലും മുതലോ പലിശയോ പിന്നീട് തിരികെ കിട്ടിയില്ല. പണം തിരികെ ചോദിച്ചപ്പോൾ ഗ്രൂപ്പ് ബ്ലോക്ക് ചെയ്തു. തുടർന്ന് വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഇദ്ദേഹം കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിശ്വാസവഞ്ചനയ്ക്കും ഐ.ടി ആക്ട് പ്രകാരവും സഞ്ജയ്, റിയ എന്നിവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ പി. നാളിനാക്ഷൻ ആണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |