തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അഞ്ചാം കരട് പ്രസിദ്ധീകരിച്ചപ്പോൾ ഇടുക്കിയിലെ 23 വില്ലേജുകളെ ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടാത്തതിൽ പ്രതിഷേധം ശക്തം. പുതിയ വിജ്ഞാപനത്തിൽ ഇടുക്കിയിൽ ആകെ 51 വില്ലേജുകൾ പരിസ്ഥിതി ലോലമാണ്. മുൻ കരട് വിജ്ഞാപനങ്ങളിൽ 47 വില്ലേജുകളായിരുന്നു ഇ.എ.എസ്.എയായി ഉണ്ടായിരുന്നത്. പിന്നീട് വില്ലേജുകളുടെ വിഭജനമുണ്ടായി. അതിനാലാണ് പുതിയ കരട് ഇ.എസ്.എയിൽ വില്ലേജുകളുടെ എണ്ണം 51ആയി ഉയർന്നത്. കേരളത്തിൽ ആകെ ഇ.എസ്.എ പട്ടികയിലുള്ളത് 131 വില്ലേജുകളാണ്. മുൻ വിജ്ഞാപനങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നും പുതിയ വിജ്ഞാപനത്തിലില്ല. ദേവികുളം താലൂക്കിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, പീരുമേട്ടിലെ കൊക്കയാർ, പീരുമേട്, തൊടുപുഴയിലെ അറക്കുളം, ഉടുമ്പൻചോല താലൂക്കിലെ അണക്കര, ആനവിലാസം, ചതുരംഗപ്പാറ, ചക്കുപള്ളം, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, വണ്ടൻമേട്, ഇടുക്കിയിലെ കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോടി, വാത്തിക്കുടി വില്ലേജുകൾ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ജില്ലയിലെ വനപ്രദേശം മാത്രമുള്ള 1824.43 ചതുരശ്ര കിലോമീറ്റർ മാത്രമായി ഇ.എസ്.എ പരിമിതപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ജില്ലയിലെ ഇ.എസ്.എ. വില്ലേജുകൾ
ഉടുമ്പൻചോല: അണക്കര, ആനവിലാസം, ബൈസൺവാലി, ചക്കുപള്ളം, ചതുരംഗപ്പാറ, ചിന്നക്കനാൽ, ഇരട്ടയാർ, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, പാറത്തോട്, പൂപ്പാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, വണ്ടൻമേട്
ദേവികുളം താലൂക്ക്: ആനവിരട്ടി, ഇടമലക്കുടി, കാന്തല്ലൂർ, കെ.ഡി.എച്ച്, കീഴാന്തൂർ, കൊട്ടക്കമ്പൂർ, കുഞ്ചിത്തണ്ണി, മാങ്കുളം, മന്നാംകണ്ടം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ
ഇടുക്കി താലൂക്ക്: അയ്യപ്പൻകോവിൽ, ഇടുക്കി, കാഞ്ചിയാർ, കഞ്ഞിക്കുഴി, കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോട്, വാത്തിക്കുടി
പീരുമേട് താലൂക്ക്: കൊക്കയാർ, കുമളി, മഞ്ചുമല, മ്ലാപ്പാറ, പീരുമേട്, പെരിയാർ, പെരുവന്താനം, ഉപ്പുതറ
തൊടുപുഴ: അറക്കുളം, ഉടുമ്പന്നൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |