കൊച്ചി: കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെ.എസ്. ദിവാകരൻ കൊല്ലപ്പെട്ട കേസിൽ ആറാംപ്രതി ചേർത്തല കക്കപ്പറമ്പത്തുവെളി ആർ. ബൈജുവിന്റെ വധശിക്ഷ ഹൈക്കോടതി 15വർഷത്തെ കഠിനതടവാക്കി ഇളവ് ചെയ്തു. വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിന് അഞ്ചുവർഷത്തെ കഠിനതടവും 10,000രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം വെറുംതടവ് അനുഭവിക്കണം. കുറ്റകരമല്ലാത്ത നരഹത്യയ്ക്ക് 10വർഷംകഠിനതടവും 25,000രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം വെറും തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
അഞ്ചാംപ്രതി സേതുകുമാറിനെ വെറുതെവിട്ടു. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഇളവുചെയ്തത്.
ചേർത്തല സ്വദേശികളായ ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ വി. സുജിത്ത്, സതീഷ്‌കുമാർ, പി. പ്രവീൺ, എം. ബെന്നി എന്നിവരുടെ ശിക്ഷശരിവച്ചു. ഓരോരുത്തർക്കും 15വർഷം കഠിനതടവാണ് ശിക്ഷ. മാരകായുധങ്ങളടക്കം ഉപയോഗിച്ചുള്ള ആക്രമണത്തിനുൾപ്പെടെ അഞ്ചുവർഷം കഠിനതടവും 10,000രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം വെറുംതടവ് അനുഭവിക്കണം. ആസൂത്രിതമല്ലാത്ത നരഹത്യയ്ക്കടക്കം 10വർഷം കഠിനതടവും 25,000രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം വെറുംതടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറാംപ്രതി ഒഴിച്ചുള്ളവർക്ക് ജീവപര്യന്തം കഠിന തടവായിരുന്നു അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
കയർതടുക്ക് അടിച്ചേൽപ്പിക്കാനുള്ള ശ്രമം ചോദ്യംചെയ്തതിന്റെ പകയിൽ 2009 നവംബർ 29ന് വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിലൊരു കയർ ഉത്പന്നം എന്ന കയർ കോർപ്പറേഷന്റെ പദ്ധതിയുടെ ഭാഗമായി തടുക്ക് വിൽക്കാൻ ദിവാകരന്റെ വീട്ടിൽ സി.പി.എം പ്രവർത്തകരായ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോൾ വില കൂടുതലാണെന്ന കാരണത്താൽ വാങ്ങിയില്ല. എന്നാൽ പ്രതികൾ തടുക്ക് വീട്ടിൽവച്ചിട്ടുപോയി. തുടർന്ന് വാർഡ് സഭയിൽ ദിവാകരന്റെ മകൻ ദിലീപ് ഈ പ്രശ്‌നം ഉന്നയിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു വീടാക്രമണം. തലയ്ക്കടിയേറ്റ ദിവാകരനെ ചേർത്തല സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ ഒമ്പതിന് മരിച്ചു. അക്രമം തടയാൻ ശ്രമിച്ച ദിലീപിനും ഭാര്യ രശ്മിക്കും പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |