ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് കാണാനും ഇന്ത്യന്‍ ഹോക്കി ടീമിന് പിന്തുണ നല്‍കാനുമായി പാരീസിലേക്ക് പോകാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. മതിയായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ഓഗസ്റ്റ് മാസം മൂന്നാം തീയതി മുതല്‍ ഒമ്പതാം തീയതി വരെയാണ് മാന്‍ പാരീസിലേക്ക് പോകാനിരുന്നത്.
ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പാരിസില്‍ ഇത്രയും ഉയര്‍ന്ന സുരക്ഷ ഒരുക്കാനാവില്ലെന്ന് കാണിച്ചാണ് കേന്ദ്രം യാത്ര വിലക്കിയത്. ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യ വിജയിച്ചപ്പോള്‍ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗിന് മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിന്നദനം അറിയിച്ചിരുന്നു.
അതേസമയം കേന്ദ്രം യു.എസിലേക്കുള്ള യാത്രാനുമതി നിഷേധിച്ചെന്ന് കാണിച്ച് പഞ്ചാബ് സ്പീക്കര്‍ കുല്‍ത്താര്‍ സിങ് സന്ധ്വാനും രംഗത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ കെന്റക്കിയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു സ്പീക്കര്‍ അനുമതി തേടിയത്.
നയതന്ത്ര പാസ്‌പോര്‍ട്ട് കൈവശമുള്ള മുതിര്‍ന്ന നേതാക്കള്‍ വിദേശ സന്ദര്‍ശനത്തിനു മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി നേടേണമെന്നതാണ് ചട്ടം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കും മുമ്പ് പല തവണകളിലായി വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. കുവൈറ്റില്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംഭവസ്ഥലത്തേക്ക് പോകാനിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |